ചാലക്കുടി: ചാലക്കുടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുന്നതിൽ അതൃപ്തി അറിയിച്ച് എൽ.ജെ.ഡി. കാലുമാറ്റക്കാർക്കും കൂറുമാറ്റക്കാർക്കും സീറ്റുനൽകുന്നത് നല്ല പ്രവണതയല്ലെന്ന് ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫിൽ നീതിപൂർവമായ സീറ്റ് വിഭജനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നണിയുടെ പാരമ്പര്യം അതാണ്. ചാലക്കുടി സീറ്റ് സംബന്ധിച്ച് അഭ്യൂഹം പ്രചരിക്കുകയാണ്. ഇതൊരു അവസരമായി കണ്ട് സീറ്റുമോഹികളായ പലരും ചില കക്ഷികളിൽ ചേക്കേറിയിട്ടുണ്ട്. ജനാധിപത്യം കളങ്കിതമാകുന്ന ഇത്തരം നീക്കങ്ങളിൽ എൽ.ഡി.എഫിന് ദോഷമാണ് ഉണ്ടാകുകയെന്നും യൂജിൻ മോറേലി പറഞ്ഞു.

മൂന്നു വട്ടമായി എൽ.ഡി.എഫിന്റെ കൈവശമുള്ള ചാലക്കുടി സീറ്റ് നഷ്ടപ്പെടും വിധമുള്ള തീരുമാനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജില്ലാ കമ്മിറ്റിയിലെ മറ്റു നേതാക്കളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.