
തൃശൂർ : സി.പി.ഐ സ്ഥാനാർത്ഥി പട്ടിക ഇന്ന് സംസ്ഥാന നേതൃത്വത്തിന് കൈമാറും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേർന്ന പാർട്ടി മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളിൽ നിന്ന് ലഭിച്ച പേരും ജില്ലാ കമ്മിറ്റി കൂട്ടി ചേർക്കുന്ന പേരും ചർച്ച ചെയ്ത ശേഷമുള്ള പേരുകളാണ് കൈമാറുക. ഇത് സംസ്ഥാന നേതൃത്വം പരിശോധിച്ച ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. തൃശൂർ പാർട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലത്തിൽ നാലിടത്തും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജിന്റെ പേര് മണ്ഡലം കമ്മിറ്റികളിൽ നിന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നു തവണ മത്സരിച്ച വി.എസ്.സുനിൽ കുമാറിന്റെ പേര് ഒഴിവാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. സംവരണ മണ്ഡലമായ നാട്ടികയിൽ സിറ്റിംഗ് എം.എൽ.എ ഗീത ഗോപിക്ക് പുറമേ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. തൃശൂരിൽ ജില്ലാ അസി.സെക്രട്ടറി പി.ബാലചന്ദ്രന്റെ പേരിന് തന്നെയാണ് മുൻതൂക്കം. ബാലചന്ദ്രന് പുറമേ കെ.കെ.വത്സരാജ്, സാറാമ്മ റോബ്‌സൺ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റികൾ നിർദ്ദേശിച്ചിട്ടുള്ളത്. കൈപ്പമംഗലത്ത് സിറ്റിംഗ് എം.എൽ.എ ഇ.ടി.ടൈസൺ മാസ്റ്ററുടെ പേരിന് ഒപ്പം കെ.കെ.വത്സരാജിന്റെ പേരും ഉണ്ട്. കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എം.എൽ.എ വി.ആർ.സുനിൽ കുമാറിനും വത്സരാജിനും പുറമേ വസന്തകുമാറിന്റെ പേരുണ്ട്. ഒല്ലൂരിൽ കെ.രാജന്റെ പേരിന് തന്നെയാണ് മൂൻതൂക്കം. രാജൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമെന്ന നിലയിൽ താണിക്കുടത്ത് നിന്ന് വികസന വിശദീകരണ യാത്ര ആരംഭിച്ചും. ഇന്ന് ഉച്ചയ്ക്കാണ് ജില്ലാ എക്‌സിക്യുട്ടീവ് യോഗം നടക്കുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിച്ചത്. അഞ്ചിടത്തും വിജയിക്കാൻ സാധിച്ചിരുന്നു.