vote

നിയമസഭാ തിരഞ്ഞെടുപ്പിൽ കുത്തകമണ്ഡലങ്ങളിൽ ആരെ നിറുത്തിയാലും എങ്ങനെയെങ്കിലും ജയിച്ചുപോകുമെന്നാണ് തൃശൂരിലെ മുന്നണി നേതാക്കൾ കരുതുന്നതെങ്കിൽ അവർക്ക് തെറ്റും. കാരണം, തദ്ദേശതിരഞ്ഞെടുപ്പ് പോലെ സ്ഥാനാർത്ഥികളുടെ പേരും പെരുമയും തലയെടുപ്പും കഴിവും പ്രതിച്ഛായയുമെല്ലാം നിർണായകമായിരുന്നെന്ന് തെളിയിക്കുന്നതാണ് പോയകാലങ്ങളിൽ തൃശൂരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ.

നിയോജക മണ്ഡലങ്ങളിലെ ഫലങ്ങൾ പ്രവചനാതീതമാകുന്നതിന് പ്രധാനകാരണം, സ്ഥാനാർത്ഥിയുടെ പരിവേഷം തന്നെയാണ്. മൂന്ന് മുന്നണികളുടേയും സാദ്ധ്യതാ പട്ടികയായെങ്കിലും ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമുണ്ടെങ്കിൽ, രാഷ്ട്രീയതരംഗം പ്രതികൂലമായാലും അവർക്ക് ബാധകമാവില്ലെന്ന് തെളിയിക്കുന്നതാണ് മുൻകാല തിരഞ്ഞെടുപ്പുകൾ.

അവരുടെ ഭൂരിപക്ഷവും അതുപോലെ കൂടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കണക്കുകളിൽ വ്യക്തം. രാഷ്ട്രീയതരംഗവും കഴിവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിന് മുന്നിൽ എതിരാളി നിഷ്പ്രഭനാകുന്ന കാഴ്ചയായിരുന്നു പുതുക്കാടിലേത്. 2011ൽ 26,482 വോട്ടായിരുന്നു മന്ത്രി സി. രവീന്ദ്രനാഥിന്റെ ഭൂരിപക്ഷം. അതുവരെ കണ്ടതിൽ വച്ചേറ്റവും ഉയർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38,478 ആയി ഉയർന്നു. 1996 ൽ ചാലക്കുടിയിൽ കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ ജനതാദളിലെ എൻ.എം ജോസഫിനെ തോല്പിച്ചത് 37,644 വോട്ടിനായിരുന്നു എന്നതും എടുത്തുപറയണം. 2006 ൽ കുന്നംകുളത്ത് ബാബു എം. പാലിശേരിയുടെ വിജയം 21,785 വോട്ടിനായിരുന്നു. ചേലക്കരയിൽ കെ.രാധാകൃഷ്ണന്റെ വിജയങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ പ്രതിഫലനങ്ങളായിരുന്നു.

എന്നാൽ ഇതെല്ലാം മാത്രമാണോ മാനദണ്ഡങ്ങളെന്ന് ചോദിച്ചാൽ, അല്ല. സ്ഥാനാർത്ഥി പ്രഭാവത്തിന് അപ്പുറം കുത്തകമണ്ഡലങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്നവ അതിർത്തികൾ പുനർനിർണയിച്ചതോടെ മാറിയിട്ടുമുണ്ട്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിച്ചത്. പുതിയ അതിർത്തികൾ അനുസരിച്ച് 2011ലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുക്കാട്, കയ്പമംഗലം എന്നീ മണ്ഡലങ്ങൾ രൂപീകരിച്ചപ്പോൾ മാള, കൊടകര, ചേർപ്പ് മണ്ഡലങ്ങൾ ഇല്ലാതായി. അങ്ങനെ മുന്നണികളുടെ പ്രതീക്ഷകൾക്കും അട്ടിമറി നേരിട്ടു. എന്നാൽ, 1965 മുതൽ മണ്ഡലാതിർത്തിയിൽ മാറ്റമില്ലാതെയാണ് ചേലക്കര തുടരുന്നത്. പട്ടികജാതി സംവരണ മണ്ഡലമാണിത്. 1991 വരെയുള്ള എട്ട് തിരഞ്ഞെടുപ്പുകളിൽ ആറെണ്ണത്തിൽ യു.ഡി.എഫും രണ്ടെണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. 1996 മുതൽ മണ്ഡലത്തിൽ എൽ.ഡി.എഫിനാണ് വിജയം. വടക്കാഞ്ചേരിയിൽ അതിർത്തി പുനർനിർണയത്തിൽ വലിയ മാറ്റമുണ്ടായി. അതുപോലെ, മുന്നണികളുടെ പ്രതീക്ഷകളിലും വ്യത്യാസമുണ്ടായി. യു.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന വടക്കാഞ്ചേരി 2004ലെ ഉപതിരഞ്ഞെടുപ്പിലും 2006ലും എൽ.ഡി.എഫിനൊപ്പം നിന്നു. 2011, 2016 തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. വിജയിച്ചു. രണ്ട് മുന്നണികളെയും പരീക്ഷിച്ചിരുന്ന കുന്നംകുളം 2006 മുതൽ എൽ.ഡി.എഫിനൊപ്പമാണ്.
2011ൽ നാട്ടിക പട്ടികജാതി സംവരണ മണ്ഡലമായി. തീരദേശ മണ്ഡലത്തിന്റെ പ്രത്യേകതകൾ മാറ്റുന്നതായിരുന്നു അതിർത്തി പുനർനിർണയം. എൽ.ഡി.എഫിന് പ്രാധാന്യമുള്ള മണ്ഡലങ്ങളിലൊന്നാണ് നാട്ടിക. 2001, 06 തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. വിജയിച്ചു. 2011, 16 തിരഞ്ഞെടുപ്പുകളിൽ മണ്ഡലം എൽ.ഡി.എഫിനൊപ്പമായി. മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളും കോർപറേഷനിലെ 14 ഡിവിഷനുകളും ചേർന്നതാണ് ഒല്ലൂർ മണ്ഡലം. കോർപറേഷനിലെ 36 ഡിവിഷനുകളാണ് തൃശൂർ മണ്ഡലത്തിലുളളത്. എന്തായാലും ഇപ്പോൾ അതിർത്തികൾ സംബന്ധിച്ച് കൃത്യമായ ചിത്രം മുന്നണികൾക്ക് ലഭിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ കണക്കുകൂട്ടലുകൾ പിഴയ്ക്കില്ലെന്ന് അവർ കരുതുന്നു.

പാർട്ടികളുടെ പ്രതിച്ഛായ പോയാൽ
മുൻകാലങ്ങളിലെപ്പോലെയല്ല, സ്ഥാനാർത്ഥിനിർണയ ചർച്ച അവസാനഘട്ടത്തിൽ എത്തുമ്പോൾ അസ്വാരസ്യങ്ങളുമായി പ്രതിസന്ധിയിലാണ് സി.പി.എം. സി.പി.എമ്മിലെ ജനകീയ നേതാവെന്ന പരിവേഷമുള്ള കെ. രാധാകൃഷ്ണനെതിരെ വരെ ചിലർ പോസ്റ്ററുകൾ ഉയർത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി നൽകിയ ലിസ്റ്റ് വെട്ടി ചേലക്കരയിൽ യു.ആർ പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ കൊണ്ടു വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. യു. ആർ പ്രദീപിനെ മാറ്റിയതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. ജില്ല നൽകിയ ലിസ്റ്റ് കണ്ടംതുണ്ടമാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കാത്തതിനെ ചൊല്ലി പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സംസ്ഥാന തലത്തിൽ തന്നെ വിവാദമായതോടെ, നിശ്ചയിച്ച സ്ഥാനാർത്ഥി കെ.പി.എ.സി ലളിതയെ മാറ്റി മേരി തോമസിനെ സ്ഥാനാർത്ഥിയാക്കി. ഗുരുവായൂരിൽ മുതിർന്ന നേതാവ് ബേബി ജോണിനെ മാറ്റിയതിലും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.

നിറമുള്ള പ്രതിഷേധവുമായി കോൺഗ്രസ്

സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയെ ചൊല്ലി ഇതേവരെ ഒന്നും മിണ്ടാതെ സഹിച്ച് നിൽക്കുകയാണ് ചില കോൺഗ്രസ് നേതാക്കൾ. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ പുതുക്കാട് പോസ്റ്റർ ഉയർന്നു. റേഷൻ അരി മറിച്ചുവിറ്റയാളെയും വനംകൊള്ളക്കാരെയും വിജിലൻസ് കേസിലെ പ്രതിയെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെയും വേണ്ടെന്നാണ് പോസ്റ്ററിൽ. സേവ് കോൺഗ്രസ് സേവ് പുതുക്കാട് എന്ന പേരിലുള്ള വർണപോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. പോസ്റ്റർ നിറമുള്ളതായാലും ഇല്ലെങ്കിലും പ്രതിഷേധത്തിന്റെ നിറം കറുപ്പ് തന്നെയെന്ന് പറയുന്നുണ്ട് ചില നേതാക്കൾ.

ഒരാഴ്ച മുമ്പ് തന്നെ ജില്ലാ സാദ്ധ്യതാ പട്ടിക കെ.പി.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാൽ ഇതേച്ചൊല്ലി കലഹം ഇതുവരെ പൊട്ടിപുറപ്പെട്ടിട്ടില്ല. ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം ഉള്ളതിനാൽ വിജയ സാദ്ധ്യത ഉള്ളവരെ മാത്രമേ സ്ഥാനാർത്ഥികളാക്കൂ എന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശമുണ്ട്. എന്നിരുന്നാലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാണ് ലിസ്റ്റ് കൈമാറിയത്. പത്താം തീയതിയോടെ പ്രഖ്യാപനം വരുമെന്നാണ് വിവരം. അതിന് ശേഷമാകാം പൊട്ടിത്തെറി. എന്നാൽ ബി.ജെ.പി.യിൽ ചരടുവലികൾ സജീവമാണെങ്കിലും പ്രതിഷേധം പോസ്റ്ററിലൂടെയോ മറ്റോ പരസ്യമായിട്ടില്ല. എന്നാൽ ജില്ലയിലെ നേതാക്കൾ തമ്മിലുളള അസ്വാരസ്യങ്ങൾ മാസങ്ങളായി തുടരുന്നുണ്ട്.