memu

തൃശൂർ: തത്സമയം ടിക്കറ്റ് ലഭിക്കാവുന്ന വിധം മെമു ട്രെയിനുകൾ മാർച്ച് 15 മുതൽ ഓടിത്തുടങ്ങുമ്പോൾ കൂടുതൽ പേരുടെ സൗകര്യപ്രകാരം സമയക്രമീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഷൊർണ്ണൂർ-എറണാകുളം മെമുവിൻ്റെ സമയം തൃശൂരിലെ യാത്രക്കാർക്ക് സഹായകമാവുന്ന തരത്തിൽ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. രാവിലെ 3.30ന് ഷൊർണ്ണൂരിൽ നിന്നും പുറപ്പെടുന്ന വണ്ടി 6.50ന് എറണാകുളത്തെത്തും.

തിരിച്ചു് വൈകിട്ട് 5.35ന് പുറപ്പെട്ട് രാത്രി 8.50ന് ഷൊർണ്ണൂരിൽ മടങ്ങിയെത്തും വിധത്തിലാണ് ഈ മെമുവിന്റെ സമയക്രമം റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഈ ട്രെയിനിൻ്റെ രാവിലത്തെ സമയക്രമം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്നവർക്ക് തീരെ സൗകര്യപ്രദമല്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. രാവിലെ 6.45ന് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് 9.25ന് എറണാകുളത്തെത്തിയിരുന്ന ഗുരുവായൂർ - എറണാകുളം പാസഞ്ചറിലാണ് ഏറ്റവും കൂടുതൽ സ്ഥിരം യാത്രികർ എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്നത്. കൊവിഡ് മൂലം കഴിഞ്ഞ മാർച്ച് 22ന് എല്ലാ ട്രെയിനുകളും നിറുത്തിയ ശേഷം ഈ ട്രെയിൻ ഓടുന്നില്ല. നിലവിൽ രാവിലെ 6.55ന് തൃശൂർ വിടുന്ന ചെന്നൈ - ആലപ്പുഴ പ്രത്യേക സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന് ശേഷം 9.50ന് തൃശൂർ വിടുന്ന കണ്ണൂർ - ആലപ്പുഴ പ്രത്യേക എക്‌സ്പ്രസ് വരെ എറണാകുളം ഭാഗത്തേയ്ക്ക് മറ്റൊരു പ്രതിദിന ട്രെയിനും ഇല്ലാത്ത അവസ്ഥയാണ്. ഇതിനൊരു പരിഹാരമായി ഷൊർണ്ണൂർ-എറണാകുളം മെമു ഷൊർണ്ണൂരിൽ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് 9.50ന് എറണാകുളത്തെത്തുന്ന വിധത്തിൽ പുനർ ക്രമീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് യാത്രക്കാർ. മാർച്ച് 15ന് മുമ്പ് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക് ?


വിവിധ ആവശ്യങ്ങൾക്കായി നിത്യവും യാത്ര ചെയ്യേണ്ടി വരുന്നവരുടെ, ഏകദേശം ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് തത്സമയം ടിക്കറ്റെടുത്തു് യാത്ര ചെയ്യാൻ കഴിയുന്ന ഇത്തരം ട്രെയിനുകൾ പുനരാരംഭിക്കുന്നത്. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് യാത്രികർ ഈ തീരുമാനത്തെ നോക്കിക്കാണുന്നത്. രാജ്യത്തു് ട്രെയിൻ ഗതാഗതം താമസിയാതെ സാധാരണ നിലയിലാകുമെന്നതിന്റെ സൂചനയായാണ് എല്ലാവരും ഇതിനെ വിലയിരുത്തുന്നത്.

'' മന്ത്രിമാർക്കും എം.പിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. തൃശൂരിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള സ്ഥിരം യാത്രക്കാർ ഏറെയുണ്ട്. അതിലേറെയും ചെറുകിട ജോലിക്കാരാണ്. സമയമാറ്റം വരുത്തിയാൽ വലിയൊരു വിഭാഗം യാത്രികർക്ക് ആശ്വാസമാകും''

പി. കൃഷ്ണകുമാർ

ജനറൽ സെക്രട്ടറി

തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോ.