
തൃശൂർ: സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയ്ക്കെതിരേ എതിർപ്പുകളും പോസ്റ്റർ പ്രതിഷേധവും ഉയർന്ന സ്ഥലങ്ങളിൽ തിരുത്തലുകളുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് സി.പി.എമ്മിലെയും കോൺഗ്രസിലെയും അണികൾ. കഴിഞ്ഞ ദിവസങ്ങളിലായി ചേലക്കരയിലും പുതുക്കാടും അടക്കമുള്ള മണ്ഡലങ്ങളിൽ പോസ്റ്ററുകൾ ഉയർന്നത് ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി.
ചേലക്കരയിൽ യു.ആർ പ്രദീപിനെ മാറ്റിയതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടതിന് പിന്നാലെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ ഇന്നലെ പുതുക്കാടും പോസ്റ്ററുകൾ ഉയർന്നിരുന്നു. ഇതിനിടെ, കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.ടി.യു.സിയും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും മുതിർന്ന നേതാവ് ടി.വി ചന്ദ്രമോഹനും പങ്കെടുത്ത വേദിയിലാണ്, സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഐ.എൻ.ടി.യു.സി കടുത്ത അവഗണന നേരിടുകയാണെന്ന് ജില്ലാ പ്രസിഡന്റ് വിമർശനമുന്നയിച്ചത്.
പരസ്യമായ എതിർപ്പുകൾ ഉയർന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ സി.പി.ഐയിലും ഉയർന്നിരുന്നു. മണ്ഡലം കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്, സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറുന്നുണ്ട്. അതേസമയം, ബി.ജെ.പിയിൽ സ്ഥാനാർത്ഥിത്വത്തിനായി ചരടുവലികൾ സജീവമാണെങ്കിലും പ്രതിഷേധ സ്വരമുയർന്നിട്ടില്ല. എന്നാൽ ജില്ലയിലെ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ മാസങ്ങളായി തുടരുന്നുണ്ട്.
ഹരിതാഭമാകുമോ ?
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചാൽ നിമിഷനേരം കൊണ്ടുതന്നെ പ്രചാരണപ്രവർത്തനം ശക്തമാക്കാൻ മുന്നണികൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുൾപ്പെടെ പ്രചാരണ സാമഗ്രികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് അടക്കം പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം.
പ്രചരണത്തിന് ഉപയോഗിക്കേണ്ടത്
മുഴുവനായും കോട്ടണിൽ നിർമിച്ച തുണി, പേപ്പർ, പോളി എത്തിലീൻ, പുനരുപയോഗിക്കാവുന്നതോ പുനഃചംക്രമണ സാദ്ധ്യമായതോ ആയ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകൾ, ബോർഡുകൾ. ഇത്തരം മെറ്റീരിയൽ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന സാമഗ്രികളിൽ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം.
നിയമനടപടി ഇങ്ങനെ
ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നോഡൽ ഓഫീസർ. നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ ആവശ്യമായ നിയമ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സ്വീകരിക്കാം.