
തൃപ്രയാർ: ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ദേവ മേളയിലെ തൃപ്രയാർ തേവരുടെ മകയിരം പുറപ്പാട് 20ന് നടക്കും. ഉച്ചയ്ക്ക് 2.30നും മൂന്നിനും ഇടയിലാണ് പുറപ്പാട്. അന്നേ ദിവസം രാവിലെ തുറക്കുന്ന നട ആറാട്ട് എഴുന്നള്ളിപ്പ് വരെ തുറന്നിരിക്കും. കൊവിഡ് മാനദണ്ഡം അനുസരിച്ച് നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടും. ക്ഷേത്ര മതിൽക്കെട്ടിനകത്ത് തേവരുടെ എഴുന്നള്ളിപ്പുകൾക്ക് മൂന്ന് ആനകളും പുറത്ത് ഒരാനയും അണിനിരക്കും. എഴുന്നള്ളിപ്പിനിടയിലെ കുറുവേലകളിലെ മേളം ഇത്തവണ ഒഴിവാക്കും. തേവരുടെ ഗ്രാമപ്രദക്ഷിണം ചടങ്ങുകൾക്ക് ഇത്തവണ പ്രാമുഖ്യം നൽകും. പുറപ്പാട് ദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊരാളന്മാരായ നമ്പൂതിരിമാർ മണ്ഡപത്തിലിരുന്ന് തേവരുടെ പുറപ്പാടിനുള്ള അനുമതി നൽകും.
തുടർന്ന് തൃക്കോൽ ശാന്തി തേവരുടെ തിടമ്പ് മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തേവർക്കു മുമ്പിൽ മണ്ഡപത്തിൽ പറയും ബ്രാഹ്മണിപ്പാട്ടുമുണ്ടാവും. ശേഷം സ്വർണക്കോലത്തിൽ മൂന്ന് ആനകളോടെ തേവരെ പുറത്തേയ്ക്ക് എഴുന്നള്ളിക്കും. തുടർന്ന് തേവരെ സേതുകുളത്തിൽ ആറാട്ടിന് എഴുന്നള്ളിക്കും. ആറാട്ടിന് ശേഷം പടിപ്പുരക്കൽ പറ സ്വീകരിച്ച ശേഷം തേവർ തിരിച്ചെഴുന്നള്ളും. പൂരം പുറപ്പാട് ദിവസം നടക്കാറുള്ള പ്രത്യേക അന്നദാനം ഇക്കുറിയുണ്ടാകില്ല.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി ആഘോഷം
തിരുവില്വാമല : ചരിത്ര പ്രസിദ്ധമാർന്ന തിരുവില്വാമല വില്വാദ്രിനാഥ ഏകാദശി ഇന്ന് ആഘോഷിക്കും. ഇന്നലെ ക്ഷേത്രത്തിൽ ദശമി വിളക്ക് നടന്നു. ദശമി വിളക്കിനോടനുബന്ധിച്ച് രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ് മേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണമേകി.
പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പൻ മാരാരും പഞ്ചവാദ്യത്തിന് പ്രമാണം നൽകി. ഓട്ടൻതുള്ളൽ, പാഠകം, നൃത്തനൃത്യങ്ങൾ, ഭക്തിഗാന മഞ്ജരി, നാദസ്വര കച്ചേരി, തായമ്പക, തൃത്തായമ്പക, കേളി എന്നിവയുണ്ടായി. ഇന്ന് ഏകാദശി ദിനത്തിൽ നിർമ്മാല്യ ദർശനം, വിശേഷാൽ പൂജകൾ, പഞ്ചരത്നാലാപന കീർത്തനം, ഇടക്ക വിസ്മയം, നൃത്തനൃത്ത്യങ്ങൾ, ഇരട്ട തായമ്പക, കേളി, വിളക്കാചാരം, പുലർച്ചെ ശിവേലി മേളം, പഞ്ചവാദ്യം എന്നിവ ഉണ്ടാകും.