വലപ്പാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷൻ സധൈര്യം 21 പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം രാജ്യത്തെ പത്ത് ശതമാനമുള്ള സാമ്പത്തിക വളർച്ച 15 ശതമാനമായി ഉയരാൻ സഹായിച്ചെന്നും മണപ്പുറം അദ്ദേഹം പറഞ്ഞു. ഇതോടനുബന്ധിച്ച് വലപ്പാട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 60 വനിതകൾക്ക് സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പും സംഘടിപ്പിക്കും.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തൃശൂരിലെ മാകെയർ ഡയഗ്‌നോസ്റ്റിക് സെന്ററിലാണ് ക്യാമ്പ്. ഇതിൽ പങ്കെടുക്കുന്നവർക്ക് വലപ്പാട് നിന്നും സൗജന്യ വാഹന സൗകര്യവും ഒരുക്കും. വലപ്പാട് പഞ്ചായത്തിൽ നിന്നുള്ള 20 പേർക്ക് മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം വിതരണം ചെയ്തു.
മണപ്പുറം മായോഗാ സെന്ററിന്റെ നേതൃത്വത്തിൽ വലപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ യോഗ ഡാൻസും അരങ്ങേറി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഡി സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ശിൽപ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.