
വടക്കാഞ്ചേരി: മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ മുന്നണികൾ മണ്ഡലത്തിൽ സജീവമായി. വിവാദമായ ലൈഫ് മിഷൻ ഭവനപദ്ധതിയെ ചൊല്ലി ഇടത് വലത് മുന്നണികൾ കൊമ്പുകോർത്ത മണ്ഡലത്തിൽ ഇപ്പോലും ഇതേച്ചൊല്ലിയുള്ള വിവാദം കത്തി നിൽക്കുകയാണ്. ലൈഫ് പദ്ധതിയുടെ ലൈഫെടുത്തത് നിലവിലെ എം.എൽ.എയാണെന്ന പ്രചാരണമാണ് എൽ.ഡി.എഫ് ഉയർത്തുന്നത്. ലൈഫിലെ അഴിമതി തെളിഞ്ഞില്ലേ എന്ന വാദവുമായാണ് യു.ഡി.എഫ് രംഗത്തിറങ്ങുന്നത്. യു.ഡി.എഫിൻ്റെ കൈയിൽ നിന്നും മണ്ഡലം തിരിച്ചു പിടിക്കുകയെന്നത് എൽ.ഡി.എഫിൻ്റെ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തവണ മത്സരിക്കാൻ തയ്യാറായി മുന്നോട്ടു വരികയും, ഒടുവിൽ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്ത സേവ്യർ ചിറ്റിലപ്പിള്ളിയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. അരയും തലയും മുറുക്കിയുള്ള എൽ.ഡി.എഫിൻ്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
43 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഇവിടെ നിന്നും വിജയിച്ച അനിൽ അക്കര എം.എൽ.എ ഭൂരിപക്ഷം ഉയർത്താൻ ഒരു മുഴം മുന്നേ പ്രവർത്തനം ആരംഭിച്ചിരുന്നു. വടക്കാഞ്ചേരി മണ്ഡലം കൈ വിട്ടു പോയാൽ യു.ഡി.എഫിന് വൻ തിരിച്ചടിയാകും. അതിനാൽ മണ്ഡലം നിലനിറുത്താനുള്ള ശ്രമത്തിലാണ് അനിൽ അക്കര. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോളൂർ പഞ്ചായത്തൊഴിച്ച് ബാക്കി ആറ് പഞ്ചായത്തുകളും വടക്കാഞ്ചേരി നഗരസഭയും എൽ.ഡി.എഫിൻ്റെ കൈവശമാണ്. കഴിഞ്ഞ തവണ വോട്ടു നില മെച്ചപ്പെടുത്തിയ ബി.ജെ.പി ഇക്കുറി അഡ്വ. ഉല്ലാസ് ബാബുവിനെയോ, ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പുവിനെയോ സ്ഥാനാർത്ഥിയാക്കിയേക്കും.
യു.ഡി.എഫിൻ്റെ കുത്തക മണ്ഡലം
1977 മുതൽ 2003 വരെ യു.ഡി.എഫാണ് മണ്ഡലം കൈവശം വച്ചത്. 2003 ൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. മുരളീധരനെ തോൽപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2006 ലും എ.സി മൊയ്തീൻ വീണ്ടും മണ്ഡലം നിലനിറുത്തി. 2011 ൽ സി.എൻ ബാലകൃഷ്ണൻ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. എൻ.ആർ ബാലനായിരുന്നു എതിരാളി. 2016ൽ അനിൽ അക്കര മണ്ഡലം പിടിക്കുമ്പോൾ മേരി തോമസായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി.