പാവറട്ടി: കൊയ്‌തെടുത്ത നെല്ല് സപ്ലൈകോ സംഭരിച്ച് ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടും ലോൺ രേഖകൾ സമർപ്പിക്കാൻ സമ്മർദ്ദം. കേരള ബാങ്കിന്റെ ബ്രാഞ്ചുകളിലാണ് കർഷകനെ നട്ടം തിരിക്കുന്ന ഈ നടപടി. ലോൺ എടുക്കുന്നതിന് റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ, ആധാർ കാർഡിന്റെ പകർപ്പ്, ഭൂനികുതി രശീതി, ഒറിജിനൽ പി.ആർ.എസ് എന്നിവ സഹിതം കർഷകർ നേരിട്ട് ബാങ്കിൽ ഹാജരാകണം.

കൊവിഡ് കാലമായതിനാൽ 60 വയസ്സു കഴിഞ്ഞ കർഷകർക്ക് ബാങ്കിൽ പോയി ലോണെടുക്കുന്നത് പ്രയാസകരമാകുന്നുണ്ട്. ലോണെടുത്ത് കൃഷിയിറക്കിയ കർഷകർ അക്കൗണ്ടിൽ വന്ന പണം കിട്ടാൻ വീണ്ടും ലോൺ എടുക്കേണ്ടി വരുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ബാങ്ക് എക്കൗണ്ടിൽ പണം വന്നുവെന്ന മൊബൈൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കർഷകർ പണമിടപാട് നടത്തുന്നതിനായി ബാങ്കിലെത്തുന്നത്. പണം എടുക്കാൻ ബാങ്കിലെത്തുന്ന കർഷകരെ ദ്രോഹിക്കുന്ന നയങ്ങളിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡന്റും കർഷക നേതാവുമായ ജിയോ ഫോക്‌സ് ആവശ്യപ്പെട്ടു.