പാവറട്ടി: ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രീകരിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം 'നിയതം' ആദ്യ പ്രദർശനത്തിന് ഒരുങ്ങുന്നു. മാർച്ച് 12 ന് വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവമേളയിലെ ഉദ്ഘാടനചിത്രമായി 'നിയതം ' പ്രദർശിപ്പിക്കും.
കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളുടെയും, മാനസിക സംഘർഷങ്ങളുടെയും അതോടൊപ്പം അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും കോർത്തിണക്കി രാജേഷ് സോമൻ പുവ്വത്തൂർ കഥയും തിരക്കഥയും സംവിധാനം നിവ്വഹിച്ച് ജീവൻ പദ്മനാഭൻ ഛായാഗ്രഹണം നിർവഹിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രമാണ് 'നിയതം'.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബഹറിനിലാണ് ചിത്രീകരിച്ചത്. മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച സിനിമയിൽ ശരത്, മുസ്തഫ ആദൂർ, സജിത്ത് മേനോൻ, ഹനീഫ് മുക്കം, ഗണേഷ് കൂറാറ, രാകേഷ് രാജപ്പൻ, ജയ രവികുമാർ, സൗമ്യ സജിത്ത്, സുവിത രാകേഷ്, രമ്യ ബിനോജ്, ലളിത ധർമരാജൻ തുടങ്ങിയ ബഹറിനിൽ നിന്നുള്ള കലാകാരന്മാരും അണിനിരന്നിട്ടുണ്ട്.
എഡിറ്റിംഗ് സച്ചിൻ സത്യ, പശ്ചാത്തല സംഗീതം വിനീഷ് മണി, കലാസംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവൻ കണ്ണപുരം എന്നിവർ നിർവഹിച്ചു. വിജയൻ കല്ലാച്ചി, രാജേഷ് സോമൻ എന്നിവർ രചിച്ച ഗാനങ്ങൾ ഉണ്ണിക്കൃഷ്ണൻ, ജെ.സി. ഡാനിയൽ, സുമേഷ് അയ്രൂർ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.