
തൃശൂർ : ജില്ലയിൽ സ്ഥാനാനാർത്ഥി ചിത്രം ഏകദേശം തെളിയുന്നു. രണ്ട് ദിവസത്തിനുള്ളിൽ പ്രചാരണ രംഗം ഉണരും. എല്ലാ മുന്നണികളും പട്ടിക തയ്യാറാക്കി നേതൃത്വത്തിന് സമർപ്പിച്ച് കഴിഞ്ഞു. ഇനി പ്രഖ്യാപനം വന്നാൽ അങ്കത്തട്ടിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികൾ. എല്ലാ മുന്നണികളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഇന്നലെ സി.പി.ഐ കൂടി തങ്ങളുടെ പട്ടിക സംസ്ഥാന എക്‌സിക്യുട്ടീവിന് കൈമാറി കഴിഞ്ഞു. മന്ത്രി വി.എസ്.സുനിൽ കുമാറിനെ ഒഴിവാക്കിയുള്ള ലിസ്റ്റാണ് ജില്ലാ നേതൃത്വം കൈമാറിയിട്ടുള്ളത്. തൃശൂരിൽ പി.ബാലചന്ദ്രൻ, കൈപ്പമംഗലം എം.എൽ.എ ഇ.ടി സൈമൺ, ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് , ഷീല വിജയകുമാർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ കൈപ്പമംഗലത്ത് വത്സരാജിനെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ ഇന്ന് നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം അനുസരിച്ചായിരിക്കും തീരുമാനം. ഒല്ലൂരിൽ കെ.രാജൻ, നാട്ടികയിൽ ഗീതാ ഗോപി, കൊടുങ്ങല്ലൂരിൽ വി.ആർ.സുനിൽ കുമാർ എന്നിവർ തന്നെയാകും സ്ഥാനാർത്ഥികൾ. സി.പി.എം പട്ടികയ്ക്കും രൂപമായിട്ടുണ്ട്. ചേലക്കരയിൽ കെ.രാധകൃഷ്ണൻ, വടക്കാഞ്ചേരിയിൽ സേവ്യാർ ചിറ്റിലപ്പിള്ളി, കുന്നംകുളത്ത് ഏ.സി.മൊയ്തീൻ, ഗുരുാവയിരിൽ എൻ.കെ.അക്ബർ. മണലൂരിൽ മുരളി പെരുനെല്ലി, പുതുക്കാട് കെ.കെ.രാമചന്ദ്രൻ, ഇരിങ്ങാലക്കുടയിൽ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദു എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇതിനൊടകം മണ്ഡലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. പ്രഖ്യാപനം വന്നതിന് ശേഷം ആയിരിക്കും ഔദ്യോഗികമായി രംഗത്ത് ഇറങ്ങുക.
കോൺഗ്രസ് , ബി.ജെ.പി ലിസ്റ്റിൽ പുതുമുഖങ്ങൾ
കോൺഗ്രസ് ,ബിജെ.പി ലിസ്റ്റുകൾ നേതൃത്വത്തിന്റെ പരിഗണനയിലാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ കൂടുതൽ പുതുമുഖങ്ങൾക്ക് സാദ്ധ്യത ഉണ്ട്. ജില്ലയിൽ നിന്നുള്ള പല കെ.പി.സി.സി ഭാരാവാഹികളും മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് അറിയുന്നത്. ആദ്യമായിട്ട് മത്സരിക്കുന്ന അഞ്ചോളം പേർ പട്ടികയിൽ ഇടം നേടിയേക്കും. തൃശൂരിൽ പത്മജ വേണുഗോപാൽ തന്നെ സ്ഥാനാർത്ഥിയായും. ചാലക്കുടിയിൽ ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസന്റ് , ചേലക്കരയിൽ സി.സി.ശ്രീകുമാർ, നാട്ടികയിൽ കെ.വി.ദാസൻ, ഒല്ലൂരിൽ ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ പേരുകൾ ആണ് സജീവമായി പരിഗണിക്കുന്നത്. ബി.ജെ.പിയിലെ തൃശൂരിലെ സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച് അഭ്യുഹം ഏറെയാണ്. ഇ.ശ്രീധരനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ താത്പര്യം. അതോടൊപ്പം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ എത്തുമെന്ന വാർത്തകളും പുറത്ത് വരുന്നു. കൂടാതെ സംസ്ഥാന വക്താക്കളായ ബി.ഗോപാലകൃഷ്ണൻ,സന്ദീപ് വാര്യാർ, വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂർണ്ണ എന്നിവരും സാദ്ധ്യത പട്ടികയിലുണ്ട്. ഗുരുവായൂരിൽ നിവേദിത,കുന്നംകുളത്ത് കെ.കെ.അനീഷ് കുമാർ എന്നിവരും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇരിങ്ങാലക്കുടയിൽ പറഞ്ഞ് കേൾക്കുന്ന തോമസ് ജേക്കബ്ബിന്റെ പേര് തൃശൂരിലും ഉണ്ട്. അവിടെ സന്തോഷ് ചെറാക്കുളത്തിന്റെ പേരും സജീവമായ ി പരിഗണിക്കുന്നു.