തൃശൂർ: തൃശൂർ പൂരം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ, എട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.

എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം, സാമ്പിൾ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം എക്‌സിബിഷൻ എന്നിവ സംബന്ധിച്ച ദേവസ്വം ബോർഡുകളുടെ ആവശ്യങ്ങളും റിപ്പോർട്ടിലുൾപ്പെടുത്തും. പൂരം നടത്തിപ്പിൽ വെള്ളം ചേർക്കാനാകില്ലെന്ന് പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടക ക്ഷേത്രങ്ങളുടെയും ഭാരവാഹികളും യോഗത്തിലാവശ്യപ്പെട്ടു. പൂരത്തിന്റെ പൊലിമ കുറയ്‌ക്കുന്ന നടപടിയുണ്ടാവരുത്. ആനകൾ പതിനഞ്ച് വീതം വേണം. ചടങ്ങുകൾ വെട്ടിക്കുറയ്‌ക്കരുത്.

പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളിതുറക്കുന്നത് മുതലുള്ള 36 മണിക്കൂർ നീളുന്ന ചടങ്ങ് വെട്ടിക്കുറയ്‌ക്കരുത്. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളും നടത്തണം. പൂരാഘോഷ ദിവസങ്ങളിൽ എക്‌സിബിഷൻ സ്റ്റാളുകളിൽ 35,000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഏപ്രിൽ 23നാണ് തൃശൂർ പൂരം.