
തൃശൂർ: ഹാട്രിക് ജയം നേടിയ സി. രവീന്ദ്രനാഥ് ഇത്തവണ പിന്മാറിയതോടെ പുതുക്കാട് മണ്ഡലത്തിൽ ഇത്തവണ ആര് ജയിച്ചാലും അത് പുതുചരിത്രമാകും. പാലപ്പിള്ളി തോട്ടം മേഖലയും വിനോദ സഞ്ചാര കേന്ദ്രമായ ചിമ്മിനിയും ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രധാന ജീവനോപാധി കൃഷിയും കളിമൺ വ്യവസായവും തോട്ടം മേഖലയുമാണ്. ദേശീയ പാതയിൽ പാലിയേക്കര ടോൾ പ്ലാസ നിലകൊള്ളുന്നതും ഇവിടെയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ രാമചന്ദ്രന്റെ പേരാണ് മണ്ഡലത്തിലേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ ചൂഷണത്തിന് വിധേയമാകാതെ യാത്ര ചെയ്യാവുന്ന പുലക്കാട്ടുകരപാലം ഉൾപ്പെടെ സി. രവീന്ദ്രനാഥ് കൊണ്ടുവന്ന നിരവധി പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്.
കളിമൺപാത്ര നിർമ്മാണം ഓട് വ്യവസായം എന്നിവക്കായുള്ള പദ്ധതികൾ, മൺപാത്ര നിർമ്മാണത്തൊഴിലാളികൾക്ക് ക്ഷേമനിധി, അളഗപ്പമിൽ , കേരപാർക്ക്, ചിമ്മിണി ഡാം ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളാണ് എൽ.ഡി.എഫ് പ്രചാരണത്തിൽ മുന്നോട്ടുവയ്ക്കുന്നത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കെ.എം ബാബുരാജിന്റെ പേരിനാണ് യു.ഡി.എഫ് പ്രഥമ പരിഗണന നൽകുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്, അളഗപ്പ മിൽ അടച്ചുപൂട്ടൽ, ചെമ്പൂച്ചിറ സ്‌കൂളിന്റെ നിർമ്മാണത്തിലെ അപാകത തുടങ്ങി നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷിന്റെ പേരിനാണ് എൻ.ഡി.എ മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്, ഹൈടെക് സ്‌കൂളുകൾ പ്രഖ്യാപനത്തിലെ പൊള്ളത്തരം, വിവിധ പദ്ധതി പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ വോട്ട് തേടുന്നത്.
8 പഞ്ചായത്തുകൾ
മുകുന്ദപുരം താലൂക്കിലെ അളഗപ്പ നഗർ, മറ്റത്തൂർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ. തൃശൂർ താലൂക്കിലെ വല്ലച്ചിറ പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്നതാണ് മണ്ഡലം.
മണ്ഡലത്തിന്റെ ചരിത്രം
മുൻ മുഖ്യമന്ത്രി സി. അച്യുത മേനോൻ, മുൻ മന്ത്രിമാരായ കെ.പി വിശ്വനാഥൻ, ലോനപ്പൻ നമ്പാടൻ എന്നിവരെ ജയിപ്പിച്ച മണ്ഡലം. മണ്ഡലം രൂപീകൃതമായ 1965 ൽ സി.പി.ഐയിലെ പി.എസ് നമ്പൂതിരി ജയിച്ചെങ്കിലും നിയമസഭ ചേരാത്തതിനാൽ അദ്ദേഹത്തിന് എം.എൽ.എ ആകാനായില്ല. 1970 ലാണ് അച്യുതമേനോൻ സഭയിലെത്തിയത്. 1977 ൽ ടി.പി സീതാരാമനെ തോൽപ്പിച്ച് കേരള കോൺഗ്രസിലെ ലോനപ്പൻ നമ്പാടൻ നിയമസഭയിലെത്തി. 80 ലും നമ്പാടൻ ജയിച്ചു. 1987 മുതൽ തുടർച്ചയായി കോൺഗ്രസ് നേതാവ് കെ.പി വിശ്വനാഥന് നാല് തവണ ജയം. 2001 ൽ ലോനപ്പൻ നമ്പാടനെ വരെ പരാജയപ്പെടുത്തിയ പ്രകടനം. അവസാനം 2006 ൽ സി. രവീന്ദ്രനാഥിലൂടെ എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.
2016
1,95,265 വോട്ടർമാർ
ഭൂരിപക്ഷം 38,478 വോട്ട്
സി. രവീന്ദ്രനാഥ് 79,464
സുന്ദരൻ കുന്നത്തുള്ളി (യു.ഡി.എഫ്) 40,986
എ. നാഗേഷ് (എൻ.ഡി.എ) 35,833