pooram

തൃശൂർ : പൂരവും പൂരം പ്രദർശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധിയിലും സർക്കാരിന്റെ തീരുമാനം കാത്ത് ദേവസ്വങ്ങളും പൂരപ്രേമികളും. അനുമതി വൈകുന്നത് നടത്തിപ്പിനെ സാരമായി ബാധിക്കുമെന്ന് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഇരുദേവസ്വങ്ങളും ഘടക ക്ഷേത്ര ഭാരവാഹികളും വ്യക്തമാക്കി. ഏപ്രിൽ ആദ്യം പൂരം പ്രദർശനം ആരംഭിക്കണമെങ്കിൽ ഇപ്പോൾ ഒരുക്കം ആരംഭിക്കണം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കണമെന്നും ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാർ, ജനങ്ങൾ, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ച് പൂരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. ഡി.എം.ഒ കെ.ജെ. റീന, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ആർ.ഡി.ഒ കൃപ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ബി. നന്ദകുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ, മറ്റ് ഘടക ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 23 നാണ് തൃശൂർ പൂരം.

വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല


പൂരം വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതിൽ തള്ളിത്തുറയ്ക്കുന്നത് മുതലുള്ള 36 മണിക്കൂർ നീളുന്ന ചടങ്ങുകളിൽ ഒന്നുപോലും വെട്ടിക്കുറയ്ക്കരുത്. ആനകൾ പതിനഞ്ച് വീതം വേണം. സാമ്പിൾ വെടിക്കെട്ട്, പൂര നാളിലെ വെടിക്കെട്ട് എന്നിവയ്ക്ക് അനുമതി നൽകണം. ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല. പൂരാഘോഷ ദിവസങ്ങളിൽ എക്‌സിബിഷൻ സ്റ്റാളുകളിലേക്ക് 35,000 പേർക്ക് പ്രവേശനം അനുവദിക്കണം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ലേഔട്ടും ദേവസ്വങ്ങൾ സമർപ്പിച്ചു. ആളുകളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണം പാലിക്കാൻ തയ്യാറാണ്.

ഘടകക്ഷേത്രങ്ങളും പിന്നോട്ടില്ല

കൊവിഡിന്റെ പശ്ചാത്തലത്തിൽ പൂരത്തിൽ കഴിഞ്ഞ തവണ ഘടക പൂരങ്ങളെ ഒഴിവാക്കിയാണ് പൂരം ചടങ്ങ് നടത്തിയത്. എന്നാൽ ഇത്തവണ പൂരം നടത്തുന്നുണ്ടെങ്കിൽ ഘടക പൂരങ്ങളെ പങ്കെടുപ്പിക്കണം. മുൻകാലങ്ങളിലെ പോലെ എല്ലാ ചടങ്ങുകളും നടത്താൻ അനുമതി വേണം. എട്ട് ഘടക ക്ഷേത്രങ്ങളാണ് പൂരത്തിലെ പങ്കാളികൾ.


ദേവസ്വങ്ങളുടെ ആവശ്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഉചിതമായ തീരുമാനം സർക്കാർ എടുക്കും. എല്ലാവരെയും സമന്വയിപ്പിച്ച് പൂരം നടത്തുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണം


എസ്. ഷാനവാസ്

കളക്ടർ

പൂരത്തിന്റെ ഒരുക്കം എത്രയും പെട്ടെന്ന് നടത്താവുന്ന വിധം അനുകൂലമായ തീരുമാനം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനം ഉൾപ്പെടെ നടത്താൻ സാധിച്ചാൽ മാത്രമേ ഘടക പൂരങ്ങൾക്കും മറ്റും സാമ്പത്തിക സഹായം ലഭ്യമാക്കാനാകൂ.


രവി മേനോൻ

തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ജി. രാജേഷ്

പാറമേക്കാവ് ദേവസ്വം സെക്രട്ടറി


പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കളക്ടർക്ക് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കും


കെ.ജെ റീന

ഡി.എം.ഒ