
മാള: കൊവിഡ് കാലത്തിൽ സഹോദരങ്ങളായ നബീലും, നൈഫും ചുവരുകളിലും കാൻവാസുകളിലുമായി വരച്ചു തീർത്തത് നിരവധി ചിത്രങ്ങളാണ്. ഇപ്പോൾ ആവശ്യക്കാർക്ക് ചിത്രങ്ങളും വരച്ചു കൊടുക്കും. വലിപ്പമനുസരിച്ച് ചെറിയ തുകയും ഈടാക്കും. കാലിയോഗ്രാഫിയിൽ പ്രശസ്തനായ പിതാവ് കണ്ണികുളങ്ങര കുഞ്ഞാലിപ്പറമ്പിൽ നാസറിന്റെ പാത പിന്തുടർന്നാണ് മക്കളായ ഇരുവരും ചിത്രകലയിലേക്കെത്തിയത്. ലോക് ഡൗണിൽ സ്‌കൂളില്ലാതെ വീട്ടിലിരുന്ന സമയത്ത് ചിത്രങ്ങൾക്ക് നിറം പകർന്ന് തുടങ്ങിയ ഇവർ ചിത്രം വരയ്ക്കൽ വൈദഗ്ദ്ധ്യത്തോടെ ചെയ്യുന്നു.
പുത്തൻചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നബീലും എട്ടാം ക്ലാസിൽ പഠിക്കുന്ന നൈഫും വിദ്യാലയത്തിലെ ഭിത്തിയിൽ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങുന്ന ചിത്രങ്ങൾക്കാണ് ഇപ്പോൾ നിറം പകരുന്നത്. വീടുകളിലെ ചുമരുകളിലും, വ്യക്തികളുടെ മുഖചിത്രവും വരച്ചു നൽകി കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ഇരുവരും നേടിയത് 25,000 ഓളം രൂപയാണ്.
വരുമാനമായി ലഭിക്കുന്ന പണം വീട്ടിൽ നൽകും. സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കാൻ യു ട്യൂബ് ചാനലും തുടങ്ങി. ജില്ലാ തലത്തിൽ ഹൈസ്‌കൂൾ വിഭാഗം ചിത്ര രചനയിൽ നബീലിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. യു ട്യൂബ് ചാനലിൽ നബീലിനായി നൈഫും നൈഫിനായി നബീലും ദൃശ്യങ്ങൾ പകർത്തുന്ന രീതിയാണ് ഇവരുടേത്. നിരവധി പ്രമുഖരുടെ മുഖങ്ങളാണ് ഇരുവരുടെയും കാൻവാസുകളിൽ നിറയുന്നത്.
വീട്ടിൽ വാപ്പയും മൂന്നാം ക്ലാസുകാരിയായ സഹോദരിയും ചിത്രം വരയ്ക്കും. കൊവിഡ് കാലത്ത് കുറെ സമയം കിട്ടിയപ്പോഴാണ് പഠനത്തോടൊപ്പം വരുമാനം കണ്ടെത്തിയത്. കിട്ടുന്ന വരുമാനം വീട്ടിൽ കൊടുക്കും.
നബീൽ
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ:അവസാന ദിനം ഇന്ന്
തൃശൂർ: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെ അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയിൽ 18 വയസ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്ത് നിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.