ചേർപ്പ്: കൂൺ കൃഷിയിലൂടെ ഉത്പാദന വിജയഗാഥ നേടുകയാണ് പെരുമ്പിള്ളിശേരി കണ്ണൻവീട്ടിൽ ഷീല വാസുദേവൻ. 12 വർഷക്കാലമായി കൂൺ കൃഷി വീട്ടിലും മട്ടുപാവിലും സമീപത്തെ ഫാമിലുമായി നടത്തി കൂണിനെ അടുത്തറിയുകയാണ് ഈ വീട്ടമ്മ. മാലിന്യ അസംസ്‌കൃത വസ്തുക്കൾ വളമാക്കിയാണ് കൂൺ കൃഷി ചെയ്യുന്നതെന്ന് ഷീല പറയുന്നു. മഴ, മഞ്ഞ് കാലാവസ്ഥകൾക്ക് അനുയോജ്യമായി ചിറ്റി കൂണും മറ്റു തുടർച്ചയായ മാസങ്ങളിൽ പാൽ കൂണുമാണ് കൃഷി ചെയ്യുന്നത്. വിവിധ തൂക്കങ്ങളിൽ പാക്കറ്റുകളിൽ നിറച്ച കൂണുകൾ കടകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് വിൽക്കുന്നത്.
അച്ചാറുകൾ, കട്ട്‌ലറ്റുകൾ എന്നിവയുടെ ഉത്പാദനവും ഷീല വാസുദേവൻ ചെയ്തുവരുന്നു. ടൈലറിംഗ് പണികളും ചെയ്യുന്ന ഇവർ പ്ലാസ്റ്റിക് വിമുക്ത സന്ദേശമുണർത്തി സ്വന്തമായി തുണിസഞ്ചികൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്. കുടുംബത്തിന്റെ വലിയ പിന്തുണയും ഷീലയ്ക്കുണ്ട്. ജീവിതത്തിൽ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്താണ് ഷീലയുടെ കൂൺ കൃഷി അഭിവൃദ്ധിയിലേക്ക് എത്തിയത്.
..........................................
തൃശൂർ, ചേർപ്പ് എന്നിവിടങ്ങളിലെ കടകൾ, സൂപ്പർ മാർക്കറ്റുകൾ വഴിയാണ് കൂൺ വിൽക്കുന്നത്. മികച്ച ഒരു സ്വയം തൊഴിൽ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
- ഷീല വാസുദേവൻ