geetha-gopi

തൃശൂർ : നാട്ടികയുടെ കാര്യത്തിൽ അനിശ്ചിതത്വവുമായി, ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിനെ ഒഴിവാക്കി സി.പി.ഐയുടെ സ്ഥാനാർത്ഥി പട്ടിക. കയ്പ്പമംഗലം, തൃശൂർ മണ്ഡലങ്ങളിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെ പേര് ഉണ്ടായിരുന്നെങ്കിലും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അത് പരിഗണിക്കാതെ മൂന്ന് സിറ്റിംഗ് എം.എൽ.എമാർക്കും തൃശൂരിൽ പി. ബാലചന്ദ്രനും സീറ്റ് നൽകുകയായിരുന്നു. ചടയമംഗലം സീറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് നാട്ടികയിൽ ഗീതാ ഗോപിയെ പ്രഖ്യാപിക്കാതിരുന്നത്.

ഇവിടെ ഗീതാ ഗോപി തന്നെ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഒല്ലൂരിൽ കെ. രാജൻ, കയ്പ്പമംഗലത്ത് ഇ.ടി ടൈസൺ മാസ്റ്റർ, കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാർ എന്നിവർക്ക് രണ്ടാം അവസരം നൽകി. തൃശൂരിൽ മന്ത്രി വി.എസ് സുനിൽ കുമാറിന് മാറ്റിയതോടെ, സീറ്റ് നിലനിറുത്താനുള്ള ചുമതല ജില്ല. അസി. സെക്രട്ടറി പി. ബാലചന്ദ്രനായി. കഴിഞ്ഞ തവണ സുനിൽ കുമാറിന് 6987 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2011 ൽ ഇവിടെ നിന്ന് മത്സരിച്ചിട്ടുള്ള ബാലചന്ദ്രൻ അന്ന് യു.ഡി.എഫിലെ തേറമ്പിൽ രാമകൃഷ്ണനോടാണ് പരാജയപ്പെട്ടത്.

നിലവിൽ വി.എസ് സുനിൽ കുമാർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാകും ബാലചന്ദ്രൻ തന്റെ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഒല്ലൂരിൽ കെ. രാജൻ തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് എം.എൽ.എയായിരുന്ന എം.പി വിൻസെന്റിനെ 13,248 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കയ്പ്പമംഗലത്ത് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിനെ മത്സരിപ്പിക്കാൻ സി.പി.ഐ ജില്ലാ നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ടി ടൈസൺ മാസ്റ്ററുടെ പേര് തൃശൂർ മണ്ഡലത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ തവണ മത്സരിച്ചവരെ മാറ്റുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്ന് കണ്ടറിഞ്ഞാണ് മൂന്ന് പേർക്കും സീറ്റ് നൽകിയത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിലാണ് ടൈസൺ മാസ്റ്റർ വിജയിച്ചത്. 33,440 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആർ.എസ്.പിയിലെ മുഹമ്മദ് നഹാസിനെയാണ് തോൽപ്പിച്ചത്. കൊടുങ്ങല്ലൂരിൽ മുൻ മന്ത്രി വി.കെ രാജന്റെ മകനായ വി.ആർ സുനിൽ കുമാറിന്റെ സ്ഥാനാർത്ഥിത്വവും ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.പി ധനപാലനെ അട്ടിമറിച്ചാണ് വിജയം നേടിയത്.

ഗീതാ ഗോപിക്ക് മൂന്നാം ഊഴം കിട്ടുമോ ?

നാട്ടികയിൽ തുടർച്ചയായി രണ്ട് തവണ വിജയിച്ച ഗീതാ ഗോപിയുടെ പേരിന് തന്നെയാണ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും മുൻഗണന നൽകിയതെങ്കിലും ചടയമംഗലം സീറ്റിൽ വനിതയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് അനിശ്ചിതത്വമുണ്ടായത്. അവിടെ വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഗീതാ ഗോപിയുടെ കാര്യം പരുങ്ങലിലാകും. എന്നാൽ ജില്ലയിൽ വനിതാ പ്രാതിനിദ്ധ്യം ഇല്ലെന്നത് കൂടി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. ഗീതഗോപിക്ക് സീറ്റില്ലെങ്കിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശിന്റെ പേരിനാണ് മുൻതൂക്കം.