കൊടകര: വനിതാ ദിനത്തിൽ സഹൃദയ എൻജിനിയറിംഗ് കോളേജിലെ 2008- 12 ബാച്ചിലെ 16 സഹപാഠികൾ ഒന്നിച്ചു. അമ്മമാരും ജോലിക്കാരുമായ ഇവർ ആറ് രാജ്യങ്ങളിലാണെങ്കിലും ഒരേ ചുവടും ഒരേ മനസുമായി ഒന്നായപ്പോൾ അതിമനോഹര നൃത്തവിരുന്നായി.
അമേരിക്ക, കാനഡ, യു.എ.ഇ, ഖത്തർ, ആസ്ട്രിയ എന്നിവിടങ്ങളിലുള്ളവരും ഇന്ത്യയിലെ വിവിധയിടങ്ങളിലുള്ളവരും നൃത്തം വഴിയാണ് ഒന്നിച്ചത്. വ്യത്യസ്ത സമയ മേഖലകളിൽ കഴിയുന്ന 16 പേരും 16 സ്ഥലങ്ങളിൽ നിന്നാണ് നൃത്ത വീഡിയോ ചിത്രീകരിച്ചത്.
ബയോ ടെക്‌നോളജി വിഭാഗത്തിൽ പഠിച്ച ഇവർ സഹൃദയ കോളേജിലെ ആദ്യ വർഷം മുതൽ സംഘനൃത്തം, തിരുവാതിരക്കളി, ഒപ്പന തുടങ്ങി കലാമത്സരങ്ങളിൽ സജീവമായിരുന്നു.
വിയന്നയിലുള്ള പ്രീജ വാളൂക്കാരൻ, തൃശൂരിൽ നിന്ന് റിഷ്മു അനൂപ്, അഖില ശ്രീനാഥ്, അബുദാബിയിൽ നിന്ന് അംന സംജീദ്, ദുബായിൽ നിന്ന് ഹന്ന ദീപക്, ലിനെറ്റ് ചാക്കോ, കാലിഫോർണിയയിൽ നിന്ന് ജിസ്സ ജേക്കബ്, അങ്കമാലിയിൽ നിന്ന് ലിമി മത്തായി, ബംഗളൂരുവിൽ നിന്ന് മെറീന ഒലിവർ, ടെക്‌സാസിൽ നിന്ന് മെർലിൻ തമ്പി, എറണാകുളത്ത് നിന്ന് മോണിക്ക റാഫേൽ, രേഷ്മ തോമസ്, ഇരിങ്ങാലക്കുടയിലെ നികിത ബാലകൃഷ്ണൻ, കണ്ണൂരിലെ വിന്ധ്യ, ദോഹയിലെ സന റിക്കാസ്, ടൊറന്റോയിൽ നിന്ന് എ. സുഭദ്രലക്ഷ്മി എന്നിവരാണ് നർത്തകർ. നിഖിൽ ബാലകൃഷ്ണനാണ് എഡിറ്റിംഗ് നടത്തിയത്.