വടക്കാഞ്ചേരി: ജലക്ഷാമത്തിന് പരിഹാരം കാണാൻ പത്താഴക്കുണ്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. വരണ്ടുണങ്ങാൻ തുടങ്ങിയ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ഡാം തുറന്നതോടെ വലിയ ആഹ്‌ളാദത്തിലാണ് നൂറ് കണക്കിന് കർഷകർ.
ഇന്നലെ ഡാം ഷട്ടർ ഒമ്പത് സെന്റീമീറ്റർ ഉയർത്തി മിണാലൂർ തോട്ടിലേക്ക് വെള്ളം വിട്ടതോടെ ചുള്ളിക്കോട്, മിണാലൂർ, പെരിങ്ങണ്ടൂർ ഏല, ആമ്പക്കോട് തുടങ്ങിയ 200 ഏക്കറോളം പാടശേഖരങ്ങളും മറ്റു കൃഷിയിടങ്ങളും കൂടുതൽ ഹരിതാഭമാകും.
മേഖലയിലെ കിണറുകളും കുളങ്ങളുമൊക്കെ റീചാർജാകുന്നതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. കടുത്ത വേനലിനെ തുടർന്ന് വറ്റിവരണ്ട് കിടക്കുന്ന മൂന്നര കിലോമീറ്റർ ദൂരമാണ് ജ ലത്തിന്റെ ആനുകൂല്യം ലഭിക്കുക. വടക്കാഞ്ചേരി നഗരസഭയിലെ പെരിങ്ങണ്ടൂർ തിരികുഴി വരെ വെള്ളമെത്തും.
ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ സി.ജെ. ഗീവറിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഡാം ഷട്ടർ തുറന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമിന്റെ ചോർച്ച തടയുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ കാൽ നൂറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് വിജയകരമായി പൂർത്തീകരിച്ചത്.