kumbharase-va

തിരുവില്വാമല: മുള്ളാണി തറച്ച മെതിയടി ധരിച്ച് അരമണി കിലുക്കി തീപ്പന്തം നെഞ്ചോടു ചേർത്ത് രാമസങ്കീർത്തനങ്ങൾ പാടി ഉടുക്കു പാട്ടിന്റെ താളത്തിൽ ഉറഞ്ഞുതുള്ളി രാമലക്ഷ്മണ സ്വാമിമാരെ വണങ്ങാൻ ഏകാദശി നാളിൽ ഇത്തവണയും കുംഭാര സേവകർ വില്വാദ്രി സന്നിധിയിലെത്തി. സ്ത്രീകൾ അടക്കമുള്ള സംഘം പുലർച്ചെ പാമ്പാടി നിളാതീരത്തു വന്ന് അവിടെവെച്ചു നടത്തിയ പ്രത്യേക പൂജകൾക്കു ശേഷമാണ് കുംഭാര സേവാ സംഘങ്ങൾ വില്യാദ്രിയിൽ എത്തുന്നത്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള കുംഭാര സമുദായക്കാരാണ് വ്രതം നോറ്റ് മുറതെറ്റാതെ സേവയ്ക്കായി എത്താറുള്ളത്. ലങ്കാദഹനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ ഹനുമാന്റെ വാലാഗ്‌നിയേന്തി ഉറഞ്ഞു തുള്ളിയാണ് സേവകനെത്തുന്നത്. സമുദായ കോവിലിൽ ആരാധിക്കുന്ന രാമ, ലക്ഷ്മണ, ഹനുമാൻ സ്വാമിമാരുടെ വിഗ്രഹങ്ങളും പൂജാ ദ്രവ്യങ്ങളും പ്രത്യേക പെട്ടിയിലാക്കി തലയിലേറ്റി എത്തുന്ന സംഘം ക്ഷേത്ര പ്രദക്ഷിണം നടത്തും. ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രത്യേക പൂജയും ചടങ്ങുകളും നടത്തി ആത്മ നിർവൃതിയോടെയാണ് കുംഭാര സേവകർ മടങ്ങുന്നത്.