തൃശൂർ : ദേശീയ എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ ആദ്യ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലെ ഫായിസ് ഹാഷിം ഒന്നാം റാങ്കിന് അർഹനായി. 99.987 ആണ് സ്‌കോർ. ദേശീയതലത്തിൽ ഒ.ബി.സി പട്ടികയിൽ മൂന്നാം റാങ്കും ഫായിസിനാണ്. ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫായിസ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരുന്നു. നൈജീരിയയിൽ എൻജീനിയറായ തൃശൂർ വടക്കാഞ്ചേരി ഈസ്റ്റ് ഗ്രാമം വാലിയിൽ വി.എം ഹാഷിമിന്റെയും റാസിയയുടെയും മകനാണ് ഫായിസ്. ഭുവനേശ്വർ എയിംസിൽ മെഡിക്കൽ വിദ്യാർത്ഥിയായ ഫഹദ് സഹോദരനാണ്.