ചാലക്കുടി: ചാലക്കുടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ ഡെന്നീസ് കെ. ആന്റണിക്ക് സാദ്ധ്യതയേറുന്നു. അടുത്ത ദിവസം ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് പ്രചാരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇടതു മുന്നണി.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കൺവെൻഷനും നടത്തുന്നുണ്ട്. ഇതിനിടെ യു.ഡി.എഫിന്റെ കാര്യത്തിൽ ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല. പ്രാദേശിക നേതാക്കൾക്ക് സീറ്റ് ലഭിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. അഡ്വ. ബിജു ചിറയത്ത്, ഷോൺ പെല്ലിശേരി, ഷിബു വാലപ്പൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. സംസ്ഥാന നേതാക്കളായ എം.പി. വിൻസെന്റ്, എം.പി. ജാക്‌സൺ എന്നിവരും സീറ്റിനായി ശ്രമിക്കുന്നുണ്ട്.