ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി നിലവിൽ വന്നിട്ട് 50 വർഷം പൂർത്തിയായി. 1971 മർച്ച് 9നാണ് ആദ്യ ദേവസ്വം ഭരണസമിതി നിലവിൽ വന്നിരുന്നത്. അതുവരെ സാമൂതിരിരാജ മാനേജിംഗ് ട്രസ്റ്റിയായും മല്ലിശ്ശേരി നമ്പൂതിരി കോ.ട്രസ്റ്റിയായുമാണ് ഭരണം നടത്തിയിരുന്നത്.
1970 നവംബർ 29നുണ്ടായ ക്ഷേത്രത്തിലെ അഗ്‌നിബാധയെ തുടർന്ന് 1970 ഡിസംബർ 2ന് അന്നത്തെ കേരള സർക്കാർ നിയോഗിച്ച റിട്ട.ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. ഗംഗാധരൻ തമ്പി കമ്മീഷൻ അന്വേഷണം നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 1965 മുതൽ തന്നെ കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരുന്ന കുട്ടികൃഷ്ണമേനോൻ കമ്മീഷൻ റിപ്പോർട്ടും ഗുരുവായൂർക്ഷേത്ര ഭരണത്തിന് പുതിയ ഭരണസംവിധാനം വേണമെന്നഭിപ്രായപ്പെട്ടിരുന്നു. ഈ റിപ്പോർട്ടുകൾ എല്ലാം പരിഗണിച്ച് ഒരു ഓർഡിനൻസ് മൂലം ദേവസ്വം ഭരണം ഏറ്റെടുക്കുകയും പൊതുജനങ്ങളുടെ പ്രതിനിധികളും മുൻ ട്രസ്റ്റിമാരും ക്ഷേത്രം തന്ത്രിയും ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയും ഉൾക്കൊള്ളുന്ന ഒരു നിർവാഹക സമിതിയെ ചുമതലപ്പെടുത്തി. ഇതിന്റെ ആദ്യ നടപടിയായി സംസ്ഥാന സർക്കാർ 1971 മാർച്ച് 9ന് തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറായിരുന്ന സി.എച്ച് ദാമോദരൻ നമ്പ്യാരെ ആദ്യ അഡ്മിനിസ്ട്രേറ്റായി നിയമിച്ച് സർക്കാർ ഉത്തരവായി. പുതിയതായി സർക്കാർ നോമിനേറ്റ് ചെയ്ത ഭരണസമിതിയും നിലവിൽ വന്നു.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി ആദ്യം രണ്ട് തവണ 3 വർഷം വീതമായിരുന്നു. 1978ൽ ദേവസ്വം ആക്ട് നിലവിൽ വന്നതോടെ രണ്ട് വർഷമായി നിജപ്പെടുത്തി. എന്നാൽ 1998ൽ അന്നത്തെ സർക്കാർ ഭരണസമിതിയുടെ കാലാവധി 4 വർഷമായി നിശ്ചയിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒരു ഘട്ടത്തിൽ 3 വർഷമായും പിന്നീടത് ഇപ്പോഴും തുടരുന്നപോലെ 2 വർഷമായും നിശ്ചയിച്ചു. ആദ്യം ചുമതലയേറ്റ ആർ.ഡി.ഒ. സി.എച്ച് ദാമോദരൻ നമ്പ്യാർ മുതൽ 43 പേർ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി ഉൾപ്പെടെ 7 പേർ വനിതകളാണ്. 1978ലെ ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്നശേഷം ദേവസ്വം ഭരണസമിതിയിൽ വനിതാ പ്രാതിനിധ്യത്തിൽ അംഗങ്ങളായി ആരും തന്നെ നാളിതുവരെ നിയമിക്കപ്പെട്ടിട്ടില്ല.
................................................................
സാമൂതിരിരാജ പി.സി. മാനവേദ വിക്രമരാജ ആദ്യ ഭരണസമിതി ചെയർമാൻ
സർക്കാർ ഏറ്റെടുത്തശേഷം ആദ്യമായി നിലവിൽ വന്ന ഭരണസമിതി തീരുമാനപ്രകാരം ഗുരുവായൂരപ്പന്റെ മേൽശാന്തി നിയമനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏർപ്പെടുത്തി. ഇതനുസരിച്ച് ആദ്യമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തി ഗുരുവായൂരിലെ ഓതിക്കൻ കുടുംബാംഗമായ കക്കാട് ദാമോദരൻ നമ്പൂതിരിയാണ്. സാമൂതിരിരാജ ആയിരുന്ന പി.സി. മാനവേദ വിക്രമരാജയായിരുന്നു ആദ്യമായി നിലവിൽ വന്ന ഭരണസമിതിയുടെ ചെയർമാൻ. മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി വൈസ്‌ചെയർമാനുമായിരുന്നു. പിന്നീട് ഇതുവരെ 14 ചെയർമാൻമാർ ദേവസ്വം ഭരണസാരഥ്യം വഹിച്ചു. ആദ്യമായി വന്ന ഭരണസമിതികളിൽ 14 പേർ വരെ ഉണ്ടായിരുന്നു എങ്കിലും 1978 ൽ പുതിയതായി നിലവിൽ വന്ന ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം 9 അംഗങ്ങളുള്ള ഭരണസമിതിയാണ് തുടർന്നുവരുന്നത്. ആദ്യ കാലങ്ങളിൽ ഭരണസമിതിയിലെ ജീവനക്കാരുടെ ഒരു പ്രതിനിധിയെ ദേവസ്വം ജീവനക്കാർ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്ത് സർക്കാരിനെ അറിയിക്കുകയും ആ ജീവനക്കാരനെ സർക്കാർ ഭരണസമിതിയിൽ ഉൾപ്പെടുത്തുകയുമാണ് ഉണ്ടായിരുന്നത്. പിന്നീട് ആ വ്യവസ്ഥ മാറ്റി സർക്കാർ നേരിട്ട് നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായം നിലവിൽവന്നു.