election

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മറ്റ് പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ, പൊതുജീവിതവുമായി ബന്ധപ്പെടാത്ത , അവരുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ നിന്ന് പൂർണമായി വിട്ട് നിൽക്കണമെന്ന മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്നതിനാൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

വർഗീയത വേണ്ട

വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഒരു പാർട്ടിയോ സ്ഥാനാർത്ഥിയോ ഏർപ്പെടരുത്. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലീം പള്ളികൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മറ്റാരാധന സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്.

സമ്മതിദാനം നേർവഴിയിൽ മതി

സമ്മതിദായകർക്ക് കൈക്കൂലി നൽകുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ വോട്ടു പിടിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും പോളിംഗ് സ്റ്റേഷനിൽ നിന്നും സമ്മദിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക ഒഴിവാക്കേണ്ടതാണ്.

പ്രതിയോഗിയുടെ സ്വകാര്യതയെ മാനിക്കണം

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര തന്നെ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം.

കടന്നുകയറ്റം വേണ്ട

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവയിൽ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുതിനോ ബാനറുകൾ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുതിനോ പാടില്ല.