
തൃശൂർ: എതിർപ്പുകൾക്കിടയിലും പുതുമുഖങ്ങൾക്ക് അവസരം നൽകി, മൂന്നു പേർക്ക് സിറ്റിംഗ് സീറ്റ് നിലനിറുത്തുകയെന്ന വലിയ ദൗത്യം നൽകിയിരിക്കുകയാണ് സി.പി.എം. ജില്ലയിൽ മത്സരിക്കുന്ന ഏഴ് സീറ്റുകളിൽ നാലിടത്തും പുതുമുഖങ്ങളെയാണ് സി.പി.എം. പരീക്ഷിക്കുന്നത്. പ്രാദേശിക തലങ്ങളിൽ ദീർഘനാളായി പ്രവർത്തിക്കുന്ന എൻ.കെ അക്ബർ ( ഗുരുവായൂർ), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), കെ.കെ രാമചന്ദ്രൻ (പുതുക്കാട്) എന്നിവർക്ക് പുറമേ തൃശൂർ മേയറായിരുന്ന ആർ. ബിന്ദുവുമാണ് പുതുമുഖ സ്ഥാനാർത്ഥികൾ.
വടക്കാഞ്ചേരി തിരിച്ചുപിടിക്കാൻ
അതേസമയം വടക്കാഞ്ചേരി തിരിച്ചു പിടിക്കുകയെന്ന ചുമതലയാണ് സേവ്യറിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ സമ്പൂർണ്ണ വിജയം തട്ടിയെടുത്ത മണ്ഡലമായിരുന്നു വടക്കാഞ്ചേരി. അനിൽ അക്കരയോട് വെറും 43 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ മേരി തോമസ് പരാജയപ്പെട്ടത്. അന്ന് സേവ്യറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് മണ്ഡലത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് അവഗണിച്ച് കെ.പി.എ.സി ലളിതയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ ഇത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കിയതോടെ അവരെ മാറ്റിയാണ് മേരി തോമസിനെ മത്സരിപ്പിച്ചത്. എന്നാൽ വിജയം നേടാനായില്ല. ഇത്തവണ സേവ്യറിനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് ശ്രമം. സംസ്ഥാന തലത്തിൽ തന്നെ ലൈഫ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദം നിൽക്കുന്ന മണ്ഡലം കൂടിയാണ് വടക്കാഞ്ചേരി. യു.ഡി.എഫിന്റെ അനിൽ അക്കര തന്നെയാണ് ഇവിടെ സ്ഥാനാർത്ഥി. ബി.ജെ.പിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവും ഋഷി പൽപ്പുവും പരിഗണനയിലുണ്ട്.
പുതുക്കാട് പോരാട്ടം മുറുകും
പുതുക്കാട് തൊഴിലാളി പ്രസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായ നേതാവാണ് കെ.കെ രാമചന്ദ്രൻ. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സി. രവീന്ദ്രനാഥിലൂടെ എൽ.ഡി.എഫ് വിജയിച്ച മണ്ഡലമാണ് ഇത്. സീറ്റ് നിലനിറുത്താൻ സാധിക്കുമെന്ന് അവർ പറയുന്നു. കഴിഞ്ഞ തവണ നാൽപതിനായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം. കോൺഗ്രസ് പട്ടികയിൽ ആര് വരുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ബി.ജെ.പിയിലെ എ. നാഗേഷായിരിക്കും എൻ.ഡി.എ സ്ഥാനാർത്ഥി.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ഗുരുവായൂരും വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുന്ന മണ്ഡലമാണ്. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ, ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധേയനാണ് എൻ.കെ അക്ബർ. ലീഗിലെ കെ.എൻ.എ ഖാദറിനാണ് യു.ഡി.എഫിൽ സാദ്ധ്യത. എൻ.ഡി.എ മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിതയെ മത്സരിപ്പിച്ചേക്കും. എ. വിജയരാഘവന്റെ പത്‌നി എന്ന പരിഗണനകളേക്കാൾ പാർട്ടിയുടെ സജീവ പ്രവർത്തക എന്ന നിലയിലാണ് സിറ്റിംഗ് എം.എൽ.എ കെ.യു അരുണനെ മാറ്റി പ്രൊഫ.ആർ. ബിന്ദുവിനെ ഇരിങ്ങാലക്കുട നിലനിറുത്താൻ മത്സരരംഗത്തിറക്കിയത്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനും എൻ.ഡി.എയിൽ സന്തോഷ് ചെറാക്കുളമോ, തോമസ് ജേക്കബ്ബോ ആയിരിക്കും മത്സരിക്കുക.