bjp

തൃശൂർ: സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട അന്തിമ ചർച്ചയ്ക്കായി ബി.ജെ.പി കോർ കമ്മിറ്റിയും തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് തൃശൂരിൽ ചേരും. തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന കേന്ദ്രനേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഉച്ചയോടെ യോഗം നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മെട്രോമാൻ ഇ. ശ്രീധരൻ, ടി.പി. സെൻകുമാർ, സുരേഷ് ഗോപി എന്നിവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനവും ഉണ്ടാകും.

കെ. സുരേന്ദ്രൻ എവിടെ മത്സരിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മഞ്ചേശ്വരം, കോന്നി, തൃശൂർ മണ്ഡലങ്ങളിലാണ് പേരു ഉയരുന്നത്. ഇന്ന് അവസാന തീരുമാനം ഉണ്ടായേക്കും. ഇ. ശ്രീധരന്റെ പേര് പാലക്കാടാണ് പറയുന്നത്. ജേക്കബ്ബ് തോമസിന്റെ പേര് ഇരിങ്ങാലക്കുടയിലാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്‌തേക്കുമെന്ന അഭിപ്രായവുമുണ്ട്. ക്രൈസ്തവ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശൂർ. കോൺഗ്രസിൽ നിന്ന് പത്മജയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പായിട്ടുണ്ട്. സി.പി.ഐ പി. ബാലചന്ദ്രനെയാണ് രംഗത്തിറക്കുന്നത്. ഈ സാഹചര്യത്തിൽ ക്ലീൻ ഇമേജുള്ള ജേക്കബ്ബ് തോമസിനെ പോലുള്ള ഒരാളെ തൃശൂരിൽ മത്സരിപ്പിക്കണമെന്നാണ് പൊതുവിലുളള അഭിപ്രായം. ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. മത്സരരംഗത്തേക്ക് ഇല്ലെന്ന നിലപാടിലാണ് അവർ. ഈ സാഹചര്യത്തിലാണ് തീരുമാനം കേന്ദ്രത്തിന് വിടാൻ തീരുമാനിച്ചത്.