
തൃശൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാഥ സംഘടിപ്പിക്കുന്ന ഒരു പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ട നിബന്ധന. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ മാറ്റം വരുത്താൻ പാടില്ല. കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ചായിരിക്കണം രാഷ്ട്രീയ പാർട്ടികൾ ജാഥകളും യോഗങ്ങളും നടത്തേണ്ടത്.
സാമൂഹിക അകലം പാലിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും മാസ്‌ക് ധരിച്ചും പരിപാടികൾ സംഘടിപ്പിക്കണം. ആവശ്യമായ ഏർപ്പാടുകൾ ഉണ്ടാക്കുന്നതിന് പൊലീസ് അധികാരികൾക്ക് സാധിക്കത്തവണ്ണം പരിപാടിയെപ്പറ്റി പൊലീസ് അധികാരികളെ സംഘാടകർ മുൻകൂട്ടി വിവരം അറിയിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവ് പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകർ അന്വേഷണം നടത്തേണ്ടതും അധികൃതർ ഒഴിവാക്കാത്ത പക്ഷം നിരോധനം പാലിക്കേണ്ടതുമാണ്.
ഗതാഗതത്തിന് തടസമുണ്ടാക്കാതിരിക്കത്തക്ക വണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാൻ സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ കടന്നുപോകുന്ന റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗത തടസമുണ്ടാക്കാൻ പാടുള്ളതല്ല. ജാഥകൾ കഴിയുന്നിടത്തോളം റോഡിന്റെ വലതു വശത്ത് വരത്തക്കവണ്ണം ക്രമപ്പെടുത്തേണ്ടതും പൊലീസിന്റെ നിർദ്ദേശവും ഉപദേശവും കർശനമായി പാലിക്കേണ്ടതുമാണ്. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഏകദേശം ഒരേ സമയത്തു തന്നെ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ മുൻകൂട്ടി പരസ്പരം ബന്ധപ്പെടണം.
ജാഥകൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കുന്നതിനും നടപടികൾ എടുക്കുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടതുമാണ്. തൃപ്തികരമായ ഏർപ്പാടുകളിലെത്തിച്ചേരുന്നതിന് പൊലീസിന്റെ സഹായം ഉപയോഗപ്പെടുത്തണം. ഇതിനായി നേരത്തെ തന്നെ പാർട്ടികൾ പൊലീസുമായി ബന്ധപ്പെടണം. സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്ന സാധന സാമഗ്രികൾ ഒന്നും തന്നെ ജാഥയിൽ പങ്കെടുക്കുന്നവർ ഉപയോഗിക്കാൻ പാടുള്ളതല്ല. മറ്റു രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങൾ കൊണ്ടുപോകുന്നതിനും പരസ്യമായി അവ കത്തിക്കുന്നതും അനുവാദമുണ്ടായിരിക്കുന്നതല്ല.
പ്രചാരണ രംഗത്തിറങ്ങി
ഇടതു സ്ഥാനാർത്ഥികൾ
തൃശൂർ : സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ജില്ലയിലെ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്തിറങ്ങി. മുതിർന്ന നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖരെയും കാണുന്ന തിരക്കിലായിരുന്നു ആദ്യദിനം. തൃശൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും തന്റെ വ്യക്തിപരിചയമുള്ള പ്രമുഖരെയും കണ്ടു. എൽ.ഡി.എഫ് സംവിധാനമാകുന്നതോടെ പ്രചാരണ സംവിധാനം ഊർജ്ജിതമാക്കാനാണ് തീരുമാനം. മന്ത്രി എ.സി മൊയ്തീനും ചേലക്കരയിൽ കെ. രാധാകൃഷ്ണനും പ്രചാരണ രംഗത്തേക്ക് ഇറങ്ങി. യു.ഡി.എഫിൽ സിറ്റിംഗ് എം.എൽ.എയായ അനിൽ അക്കര മാത്രമാണ് പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
മുപ്പത് വർഷമായി
പൊതു രംഗത്തുണ്ട് : ആർ. ബിന്ദു
തൃശൂർ: ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമല്ലെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ . വിജയരാഘവന്റെ ഭാര്യയും മുൻ തൃശൂർ മേയറുമായ ഡോ. ആർ. ബിന്ദു. കഴിഞ്ഞ 30 വർഷങ്ങളായി പൊതുരംഗത്ത് സജീവമാണ്. എ.വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല സ്ഥാനാർത്ഥിത്വം ലഭിച്ചത്. അങ്ങനെ വിമർശനം വരുന്നത് പുരുഷാധിപത്യ ചിന്തയുടെ തുടർച്ചയാണ്. ഇരിങ്ങാലക്കുടയിലെ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും വിജയത്തിലേക്ക് നയിക്കുമെന്നും ബിന്ദു പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ പതിവ് രീതികളിൽ നിന്നും മാറി സി.പി.എം നേതാക്കളായ വിജയരാഘവന്റെയും എ.കെ ബാലന്റെയും ഭാര്യമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നുവെന്നത് വലിയ വാർത്തയായിരുന്നു.