election

തൃശൂർ: രണ്ട് തവണ മുരളി പെരുനെല്ലിയെ നിയമസഭയിലെത്തിച്ച മണലൂരുകാർ ഇത്തവണയും അദ്ദേഹത്തോട് കനിയുമോ? എൻ.ഐ. ദേവസിക്കുട്ടിയെയും വി.എം. സുധീരനെയും തുടർച്ചയായി ജയിപ്പിച്ച് വലതുപക്ഷ വ്യതിയാനം പ്രകടമാക്കിയ മണ്ഡലത്തിലെ വോട്ടർമാർ ആ പാത പിന്തുടരുമോ? ഇടതു, വലതു മുന്നണികളെ പിന്തള്ളി താമരയെ നെഞ്ചേറ്റുമോ... ഇരുമുന്നണികളെയും മാറി മാറി വരിച്ച പാരമ്പര്യമുള്ള മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

വാടാനപ്പിള്ളി ബീച്ച് ഉൾപ്പെടെയുള്ള മേഖലകളിലെ തീരദേശ വോട്ടുകൾ നിർണായകമാകുന്ന മണ്ഡലം കൂടിയാണ് മണലൂർ. ജൈവകൃഷിക്ക് പേരുകേട്ടയിടം, വി.ഐ.പികളുടെ പോരിടം, അതികായൻമാരെ ജയിപ്പിച്ച മണ്ഡലം... ഇങ്ങനെ നീളുന്നു, മണലൂരിന്റെ പ്രത്യേകതകൾ.

1957ൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയുടെ കുപ്പായമണിഞ്ഞത് മണലൂരിനെ പ്രതിനിധീകരിച്ചായിരുന്നു. 1960ൽ ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ജയിപ്പിച്ചതും മണലൂരുകാരാണ്. കോൺഗ്രസിലെ എൻ.ഐ. ദേവസികുട്ടിക്ക് തുടർച്ചയായി ജയമൊരുക്കിയ മണ്ഡലം പിന്നീട് അദ്ദേഹത്തെ തോൽപ്പിച്ച് വി.എം. സുധീരനും തുടർജയമൊരുക്കി. 1980, 82, 87, 1991 കളിലെ തിരഞ്ഞെടുപ്പുകളിൽ സുധീരൻ ജയിച്ചു. 1965ൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച വി.ആർ. കൃഷ്ണനെഴുത്തച്ഛന് സഭ ചേരാത്തതിനാൽ എം.എൽ.എ ആകാനായില്ലെന്ന പ്രത്യേകത കൂടിയുണ്ട്.
2006ലും 2016ലും വിജയിച്ച മുരളി പെരുനെല്ലി തന്നെയാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കർഷക സംഘം ജില്ലാ പ്രസിഡന്റായ മുരളി പെരുനെല്ലി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തികാട്ടി ജനങ്ങൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്നത് വ്യക്തമാകുന്നതേയുള്ളൂ.

എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ തന്നെയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

മണ്ഡലത്തിൽ 10 ഗ്രാമപഞ്ചായത്തുകൾ

മണലൂർ, അരിമ്പൂർ, തൈക്കാട്, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പിള്ളി, പാവറട്ടി, വെങ്കിടങ്ങ്, ചൂണ്ടൽ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകൾ.

2,11,930 വോട്ടർമാർ

2016 ൽ വോട്ടർമാർ: 2,11,930

2016ൽ മുരളി പെരുനെല്ലിയുടെ ഭൂരിപക്ഷം: 19, 325

മൊത്തം വോട്ടുകൾ: 70,422

ഒ. അബ്ദുറഹ്മാൻകുട്ടി(യു.ഡി.എഫ്): 51,097.

എ.എൻ. രാധാകൃഷ്ണൻ(എൻ.ഡി.എ): 37, 680.