ചാലക്കുടി: കോടശേരി പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് വിഘാതമാകുന്ന ഗ്യാസ് സിലിണ്ടർ ഗോഡൗൺ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് പൗരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് ഗോഡൗണിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ ധർണ്ണയിൽ പങ്കെടുക്കും. ഗ്യാസ് സിലിണ്ടർ ഗോഡൗൺ സ്ഥാപിക്കുന്നത് ജനവാസ മേഖയിലാണ്. ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ് ഇതെന്ന് ഉടമകൾതന്നെ വ്യക്താക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ചിട്ടും നിയമത്തിന്റെ പിൻബലമുണ്ടെന്ന് പ്രചരിപ്പിച്ചാണ് ഗോഡൗൺ നിർമ്മാണം പുരോഗമിക്കുന്നതെന്നും സമര സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ചെയർമാൻ ടി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ, കൺവീനർ ടി.കെ. ബിജു, വി.സി. ദേവരാജൻ, പി.സി. മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.