പാവറട്ടി: ഗ്രാമങ്ങളിൽ കളിസ്ഥലങ്ങൾ കണ്ടെത്താനാവാതെ കുട്ടികൾ. ഒരുകാലത്ത് ഫുട്ബാളും ക്രിക്കറ്റും കളികൾ സ്കൂൾ ഗ്രൗണ്ടുകളിൽ ആയിരുന്നു. ഇന്ന് നാട്ടിൻ പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കിയതോടെ ഗേറ്റുകൾ അടച്ചിടുന്നതിനാൽ കുട്ടികൾക്ക് കളിക്കാൻ ഇടം ഇല്ലാതായതാണ് പരാതി. അതേസമയം കുട്ടികൾക്കും മുതിർന്നവർക്കും കളിക്കുന്നതിനായി ടർഫുകൾ വ്യാപകമായതും ഇക്കാലത്താണ്. മെട്രോ സിറ്റികളിൽ മാത്രം കണ്ടിരുന്ന ഫുട്ബാൾ ടർഫുകൾ കൊവിഡ് അടച്ചുപൂട്ടൽ കാലത്താണ് ഗ്രാമങ്ങളിലും കൂടുതലായത്. ഒരു മണിക്കൂർ ഫുട്ബാൾ കളിക്കുന്നതിന് നൂറു രൂപയാണ് ഓരോ വ്യക്തികളിൽ നിന്നും ഈടാക്കുന്നത്. ഇത്തരത്തിൽ പണം ചെലവാക്കാൻ ഇല്ലാത്ത കുട്ടികൾക്കാണ് കളിക്കാൻ ഇടം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
പാടശേഖരങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ ഇടവിളയായി പച്ചക്കറി കൃഷി വ്യാപകമായതും കായിക പ്രേമികളായ യുവാക്കൾക്ക് നിരാശയാണ് നൽകിയത്. അത്തരം കളിസ്ഥലങ്ങളും അതോടെ കുറഞ്ഞുവന്നു. എല്ലാ പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് ഒരുമിച്ചിരിക്കാനും ഒത്തുകൂടാനും കലാകായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്ഥലസൗകര്യമൊരുക്കണമെന്ന ആവശ്യം ഇപ്പോൾ ഏറിവരികയാണ്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് നിർണായക പങ്കുവഹിക്കാനാവും എന്നാണ് മിക്ക യൂത്ത് ക്ലബ് ഭാരവാഹികളുടെയും അഭിപ്രായം.
................................
പേനകത്ത് കുട്ടികൾക്കായി കളിസ്ഥലം ഒരുങ്ങി
മുല്ലശ്ശേരി പഞ്ചായത്തിലെ നാലാം വാർഡ് പേനകത്ത് കുട്ടികൂടേയും യുവാക്കളുടേയും ശ്രമഫലമായി കളിസ്ഥലം നിർമ്മിച്ചെടുത്തു. കാടുപിടിച്ച് ഒഴിഞ്ഞു കിടന്ന സ്ഥലമാണ് ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ യഥാർത്ഥ്യമാക്കിയത്. ഫുഡ്ബാൾ കളിക്കാരനും നാട്ടുകാരനുമായ അമൽരാജിന്റെ നേതൃത്വത്തിലാണ് കളിസ്ഥലം തയ്യാറാക്കിയത്. 'മാറക്കാന' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കളിസ്ഥലത്ത് പരിശീലനത്തിനും കളിക്കുന്നതിനുമായി പെരുവല്ലൂർ, എളവള്ളി, അന്നകര, എലവത്തൂർ എന്നിങ്ങളിൽ നിന്നും കുട്ടികൾ എത്തുന്നുണ്ട്. മുല്ലശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഒരു പൊതു കളിസ്ഥലം വേണം എന്നാണ് ഈ ചെറുപ്പക്കാരുടെ ആവശ്യം.