1
മുള്ളൂർക്കരയിൽ കുടിവെള്ളത്തിനായി നടന്ന വേറിട്ട സമരം

വടക്കാഞ്ചേരി: വോട്ടു വേണോ? വെള്ളം വേണം, വേറിട്ട പ്രതിഷേധവുമായി മുള്ളൂർക്കരയിൽ വീട്ടമ്മമാർ. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുള്ളൂർക്കര പഞ്ചായത്തിലെ മൂന്നാം വാർഡ് എസ്.എൻ. നഗർ ആശുപത്രിപ്പടിയിലെ നൂറോളം കുടുംബങ്ങളാണ് പ്രതിഷേധ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ഒഴിഞ്ഞ കുടങ്ങൾ കൂട്ടത്തോടെ നിലത്ത് കമിഴ്ത്തിയും സമരം ചെയ്തത്. വയോധികരും കുട്ടികളുമുൾപ്പടെ പ്രതിഷേധത്തിൽ അണിനിരന്നു.
വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തെത്തുടർന്നാണ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നം പരിഹരിക്കാമെന്ന് പറയുകയും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളതെന്ന് വീട്ടമ്മമാർ പറയുന്നു. ഇനി കുടിവെള്ളം ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയുള്ളൂ എന്നും അല്ലാത്തപക്ഷം വോട്ട് ബഹിഷ്‌കരണമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വീട്ടമ്മമാർ പറഞ്ഞു. കിണറുകൾ വറ്റി വരണ്ടതിനാൽ വലിയ വില കൊടുത്താണ് ടാങ്കർ ലോറികളിലെ വെള്ളം ഇവർ വാങ്ങുന്നത്. പെട്രോളും പാചകവാതകവുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കിടയിൽ വെള്ളവും കൂടി വില കൊടുത്തു വാങ്ങേണ്ടി വന്നതിനാൽ വലിയ ദുരിതമാണെന്നും ഈ അവസ്ഥ കുറച്ചുദിവസം കൂടി മുന്നോട്ടു പോയാൽ ഒരു തുള്ളി വെള്ളം കുടിക്കാൻ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ഇവർ പറയുന്നു.
കുടിവെള്ളക്ഷാമം പരിഹരിക്കാനാവില്ലെങ്കിൽ വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന ബോർഡുകൾ പ്രദേശത്തേക്കുള്ള റോഡിന്റെ കവാടത്തിൽ തന്നെ നാട്ടുകാർ വച്ചു കഴിഞ്ഞു. ഇനിയെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് നാട്ടുകാർ.