
തൃശൂർ: 'കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്റെ ചില പരസ്യങ്ങൾ തെറ്റിപ്പോയെന്ന് തോന്നുന്നു.' എന്ന് തന്റെ ഫോട്ടോ വച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരേ മറുപടിയുമായി നടനും മുൻ എം.പിയുമായ ഇന്നസെന്റ്.
'ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റെയും തുടർഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ല.' അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മറുപടി നൽകി.
ഇന്നലെ രാവിലെ മകനാണ് തനിക്ക് ഇത് കാണിച്ചുതന്നതെന്നും താൻ സാമൂഹിക മാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലെന്നും ഇന്നസെന്റ് കേരളകൗമുദിയോട് പറഞ്ഞു. പരാതി നൽകുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. പരാതിയെക്കാൾ നല്ല മറുപടി താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.