
തൃശൂർ: കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചടങ്ങുകളിൽ ഒതുങ്ങിപ്പോയ തൃശൂർ പൂരം ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളിലും പൊലിമ ചോരാതെ ആഘോഷിക്കാനാവുമെന്ന് തൃശൂരിന് പ്രതീക്ഷ. ഇന്നലെ ചേരാനിരുന്ന യോഗം തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂരിൽ നിലവിൽ കൊവിഡ് വ്യാപന പ്രതിദിന കണക്കിൽ വൻ തോതിൽ കുറവ് വന്നതും പൂരം നടക്കുന്ന തൃശൂർ നഗര പരിധിയിൽ കൊവിഡ് വ്യാപനം കുറഞ്ഞതും ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്. അതേ സമയം ആൾക്കൂട്ടം വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് നിലവിൽ പൊലീസും ആരോഗ്യവകുപ്പും കളക്ടർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. അത് കൊണ്ടുതന്നെ നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്നാണ് വിവിധ വകുപ്പുകളുടെയും അഭിപ്രായം.
ആൾക്കൂട്ടങ്ങളെ നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ട് അടക്കമുള്ള പൂരം ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോർട്ട് ദേവസ്വങ്ങൾ നൽകിയിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളും പൂരം ആഘോഷമായി നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ മന്ത്രിമാരും എം.എൽ.എമാരുമായി മന്ത്രി കടകംപിള്ളിയും ചർച്ച നടത്തിയിരുന്നു. എല്ലാ ചടങ്ങുകളോടെയും പൂരം നടത്തുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.എസ് സുനിൽകുമാറും കടകംപിള്ളി സുരേന്ദ്രനും അറിയിച്ചിരുന്നു.
ഏപ്രിൽ 23 നാണ് പൂരം. രണ്ടു ദിവസം മുമ്പ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ആന, വെടിക്കെട്ട്, പ്രദർശനം, കുടമാറ്റം എന്നിവ നടത്താൻ അനുമതി നൽകണമെന്ന് ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.