
കളം പിടിക്കാൻ യു.ഡി.എഫ്
തൃശൂർ: സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്നുവെന്ന് ആരോപിച്ച് ചാലക്കുടിയിലും മറ്റും പ്രതിഷേധസ്വരങ്ങൾ ഉയർന്നെങ്കിലും ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രചാരണവഴികളിലെത്തും. മുസ്ളീം ലീഗ് പട്ടികയും വരുന്നതോടെ യു.ഡി.എഫിൻ്റെ പ്രചാരണം സജീവമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ചർച്ചകൾ മുറുകുകയാണ്. ചെറുപ്പക്കാരേയും വനിതകളേയും പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അക്കാര്യം പരിഗണിച്ചാൽ പല മുതിർന്ന നേതാക്കൾക്കും സീറ്റുണ്ടാവില്ല. തൃശൂരിൽ പത്മജയും വടക്കാഞ്ചേരിയിൽ അനിൽ അക്കരയും ആദ്യമേ സീറ്റ് ഉറപ്പിച്ചിരുന്നു. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി തോമസ് ഉണ്ണിയാടൻ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സീറ്റ് തിരിച്ചുവാങ്ങാൻ കോൺഗ്രസ് നേതാക്കളിൽ പ്രാദേശിക സമ്മർദ്ദമുണ്ടായിരുന്നെങ്കിലും നടന്നില്ല. അഞ്ച് തവണ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മൂന്നു തവണ ജയിച്ചപ്പോൾ രണ്ടു തവണ തോറ്റു. കഴിഞ്ഞ തവണ പ്രൊഫ. കെ.യു അരുണനാണ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്. ഗുരുവായൂരിൽ മുസ്ലീം ലീഗിലെ കെ.എൻ.എ ഖാദർ, സി.എച്ച് റഷീദ് എന്നിവരാണ് സാദ്ധ്യതാ പട്ടികയിലുളളത്.
മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി തന്നെ മതിയെന്ന ആവശ്യവുമായി ലീഗ് നേതാക്കൾ പാണക്കാട്ടെത്തിയിരുന്നു. മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ഈ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദായിരിക്കും. റഷീദിൻ്റെ പേരാണ് ലീഗ് ജില്ലാ നേതൃത്വം പാണക്കാട്ട് നടന്ന യോഗത്തിൽ അറിയിച്ചത്.
കോൺഗ്രസിൻ്റെ സാദ്ധ്യതാപട്ടിക
തൃശൂർ: പത്മജ വേണുഗോപാൽ
ചേലക്കര: സി.സി ശ്രീകുമാർ
വടക്കാഞ്ചേരി: അനിൽ അക്കര
കുന്നംകുളം: ജയശങ്കർ
മണലൂർ: സുബി ബാബു
കൊടുങ്ങല്ലൂർ: സി.എസ് ശ്രീനിവാസൻ
പുതുക്കാട്: സുനിൽ അന്തിക്കാട്
നാട്ടിക: സുനിൽ ലാലൂർ/ കെ.വി.ദാസൻ
ഒല്ലൂർ: ജോസ് വള്ളൂർ
ചാലക്കുടി: ടി.ജെ സനീഷ് കുമാർ/ മാത്യു കുഴൽനാടൻ
കയ്യാലപ്പുറത്തെ തേങ്ങയായി
കയ്പ്പമംഗലം
കയ്പ്പമംഗലം സീറ്റ് ആർ.എസ്.പിക്ക് നൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. കയ്പ്പമംഗലം നിയമസഭാ മണ്ഡലത്തിൽ ആർ.എസ്.പിക്ക് യാതൊരുവിധ സ്വാധീനവുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ വാദം.