esaf-

തൃശൂർ: ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് നാലാം വാർഷിക നിറവിൽ. ഇക്കാലയളവിൽ മൈക്രോ സംരംഭകരിലൂടെ ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾതോമസ് പറഞ്ഞു. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ണുത്തിയിലെ ഇസാഫ് കോർപറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ വലിയ സ്വപ്‌നങ്ങൾക്ക് കൈത്താങ്ങാകാൻ ഇസാഫ് ബാങ്കിന് കഴിഞ്ഞുവെന്ന് ചടങ്ങ് വിർച്വലായി ഉദ്ഘാടനം ചെയ്‌ത സുപ്രീംകോടതി മുൻ ജസ്‌റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. 2017 മാർച്ച് 10നാണ് ഇസാഫ് ബാങ്കിന്റെ തുടക്കം. സ്വാതന്ത്ര്യത്തിന് ശേഷം റിസർവ് ബാങ്കിന്റെ ലൈസൻസ് നേടി പ്രവർത്തനം തുടങ്ങിയ കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ്.

45 ലക്ഷം ഉപഭോക്താക്കളും 527 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 286 ഉപഭോക്തൃസേവന കേന്ദ്രങ്ങളുമുണ്ട്. കൊവിഡ് കാലത്ത് 552 കോടി രൂപമതിക്കുന്ന മൂന്നുലക്ഷം കൊവിഡ് കെയർ വായ്‌പകൾ ബാങ്ക് വിതരണം ചെയ്‌തു. ചെയർമാൻ രവിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മെറീന പോൾ, ഇസാഫ് സഹസ്ഥാപകൻ ജേക്കബ് സാമുവൽ, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, ജോർജ് കെ. ജോൺ, എം.ജി അജയൻ എന്നിവരും സംസാരിച്ചു.