പട്ടിക്കാട്: ദേശീയ പാത കുതിരാനിൽ മരം കടപുഴകി പാതയ്ക്ക് കുറുകെ വീണ് മണിക്കുറുകൾ നീണ്ട ഗതാഗകുരുക്കുണ്ടായി. കാറ്റിലും മഴയിലും ഇരുമ്പുപാലം കയറ്റത്ത് ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. തുടർന്ന് റോഡിന്റെ ഇരുഭാഗങ്ങളിലും കിലോമീറ്ററുകൾ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. പിന്നീട് ആറ് മണിയോടെ തൃശൂരിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം റോഡിൽ നിന്നും മുറിച്ച് നീക്കിയത്. തൃശുർ നിന്ന് എത്തിയ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബി. ഹരി നന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ചു നീക്കിയത്. എന്നാൽ ഇന്നലെ ഉച്ചവരെയും കുതിരാൻ മേഖലയിൽ വാഹനങ്ങളുടെ കുരുക്ക് ഉണ്ടായിരുന്നു.

വരുംനാളുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് കുതിരാനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. വാഹനങ്ങൾ കേടുവന്നു വഴിയിൽ കുടുങ്ങുന്ന സംഭവങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുതിരാനിൽ സ്ഥിരമായി ക്രെയിൻ സംവിധാനം,​ കൂടുതൽ പൊലീസിനെ രാത്രി കാലങ്ങളിൽ നിയമിക്കൽ,​ കുതിരാൻ റോഡിൽ വൈദ്യുതി,​ ആംബുലൻസ് മറ്റ് സംവിധാനങ്ങളും നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.