ചേർപ്പ്: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേർപ്പ് മേഖലയിൽ വ്യാപക നാശം സംഭവിച്ചു. ചേർപ്പ് ചിറ്റൂർ മനറോഡിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞു വീണും വാഹന ഗതാഗതം തടസപ്പെട്ടു. ഊരകം ക്ഷേത്ര ദേവസ്വം പറമ്പിലെ കൂറ്റൻ മാവ് ഒടിഞ്ഞു വീണു.
കിസാൻ കോർണർ കൊടക്കാട് വേണുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും ആളപായമില്ല. മാങ്ങാട്ടുക്കര രാജുവിന്റെ വീടിന് മുകളിലേക്കും മരം വീണു. ചേർപ്പ് പടിഞ്ഞാട്ടുമുറി, ചെറുചേനം, ഹെർബർട്ട് കനാൽ, മൂത്തുള്ളിയാൽ മേഖലകളിലും, തൃപ്രയാർ റൂട്ടിലും റോഡുകളിലേക്ക് മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞു വീണു.
പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി ലൈൻ കമ്പികൾ പൊട്ടി വൈദ്യുതി നിലച്ചു. ശക്തമായ കാറ്റിൽ ഊരകം ക്ഷേത്ര ഗോപുരത്തിലെ ഓടുകൾ അടർന്ന് വീണു. ചേനം പാടശേഖരത്തിലെ വിതയ്ക്കാൻ പാകമായ നെൽക്കൃഷിക്കും നാശം സംഭവിച്ചു. ഏക്കർകണക്കിന് നെൽക്കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. വൻ സാമ്പത്തിക നഷ്ടം വന്നതായി പടവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.