
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയെക്കാൾ വലുത് രണ്ടിലയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്. സൗകര്യമുള്ളവൻ നിന്നാൽ മതിയെന്നാണ് അദ്ദേഹം അണികൾക്ക് നൽകുന്ന സന്ദേശം. പിണറായിയുടെ ഏകാധിപത്യത്തിൽ ഇടതുമുന്നണി ഛിന്നഭിന്നമാകും.
പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും പിണറായി വിജയൻ കൊടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.ഐ തീർത്തും അപ്രസക്തമായി. കാനം രാജേന്ദ്രന്റെ നിവൃത്തികേട് കേരളം കാണുകയാണ്. സി.പി.എം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതുപോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവർത്തകർ ആ കപ്പലിൽ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ല. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേകതരം വേദനയാണ്. ഈ വേദന ആത്മാർത്ഥത ഇല്ലാത്തതാണെന്നും വി. മുരളീധരൻ പറഞ്ഞു.