ചാലക്കുടി: ഇറക്കുമതി സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ വേണ്ടെന്ന് മുന്നറിയിപ്പ് നൽകി ചാലക്കുടിയിൽ കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേയും പ്രതിഷേധം. രാവിലേയും വൈകീട്ടുമായി നടന്ന പ്രകടനങ്ങളിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ ചാലക്കുടിക്ക് വേണ്ട, ഇനിയും തോൽക്കാൽ മനസില്ല. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവർ ഉയർത്തിയത്.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ പൗലോസ്, മുൻ പാർലമെന്റ് സെക്രട്ടറി വി.ആർ. രഞ്ജിത്, മണ്ഡലം പ്രസിഡന്റുമാരായ നിതിൻ പോൾ, എൻ.പി പ്രവീൺ, ജിസ് മോൻ പോൾ, ജെയ്‌ഫെൻ മാനടൻ, ജിൻസ് ചിറയത്ത് , മനു പോൾ, ജോമോൻ ജോസ്, ലിനോജ് ചിറമേൽ, കോൺഗ്രസ് കാടുകുറ്റി മണ്ഡലം പ്രസിഡന്റ് എം.ടി ഡേവിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ചാലക്കുടിക്കാരനല്ലാത്തയാൾക്ക് സ്ഥാനാർത്ഥിത്വം നൽകാനാണ് തീരുമാനമെങ്കിൽ എട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരും രാജിവെക്കുമെന്നും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറുമെന്നും പ്രവർത്തകർ പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
.