
ചേലക്കര: അഞ്ചാമൂഴത്തിലും വോട്ടർമാരെ കാണാൻ കെ. രാധാകൃഷ്ണൻ. വിവാദങ്ങൾക്കൊന്നും ഇടമില്ലെന്ന് വ്യക്തമാക്കി വലംകൈയായി എം.എൽ.എ യു.ആർ പ്രദീപുമുണ്ട് കൂടെ..
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ നിയുക്ത സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ വോട്ടർമാരെ കാണാനായി പങ്ങാരപ്പിള്ളി, കളപ്പാറ, കാളിയാറോഡ് പ്രദേശങ്ങളിലെത്തി. രാധേട്ടന് വോട്ടഭ്യർത്ഥിച്ച് യു.ആർ പ്രദീപും കൂടെ നിന്നപ്പോൾ അഞ്ചാം തവണയും നിയമസഭയിലേക്ക് പറഞ്ഞയക്കും എന്ന് ഉറപ്പ് നൽകിയ നാട്ടുകാർ മന്ത്രിയായി ത്തന്നെ തിരിച്ചു വരണമെന്നും ആശിർവദിച്ചു.
ചേലക്കരയുടെ സമഗ്ര വികസനത്തിന് നാന്ദി കുറിച്ച രാധാകൃഷ്ണൻ നാലു തവണയാണ് ഇവിടെ നിന്നും വിജയിച്ചത്. 1996 ൽ ഇ.കെ നായനാർ മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രിയായി തുടക്കം. 2001 ൽ വീണ്ടും തിരഞ്ഞെടുത്ത് പ്രതിപക്ഷ ചീഫ് വിപ്പാക്കി. 2006 ൽ വിജയിച്ച് നിയമസഭാ സ്പീക്കറായി.
2011 ൽ വീണ്ടും തിരഞ്ഞെടുത്ത് നിയമസഭാംഗമായി. 2016ൽ അദ്ദേഹത്തെ മാറ്റിയാണ് യു.ആർ പ്രദീപ് മത്സരിച്ച് ജയിച്ചത്. ഇത്തവണ വീണ്ടും രാധാകൃഷ്ണനെത്തന്നെ പാർട്ടി മത്സരത്തിനിറക്കി. നിരവധി വികസന പ്രവർത്തനങ്ങളാണ് ഇക്കാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് തൊട്ടെണ്ണി കാണിക്കാൻ കഴിയുമെന്നും ഇരുവരും വ്യക്തമാക്കുന്നു. അമ്പത്താറുകാരനായ രാധാകൃഷ്ണൻ ഇപ്പോൾ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്. അവിവാഹിതനാണ്.