കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ അശ്വതി കാവു തീണ്ടൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ തീരുമാനത്തെ എല്ലാ രീതിയിലും ചെറുത്തു തോൽപ്പിക്കുമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി നന്ദകുമാർ. എൽ.ഡി.എഫ് ഭരണത്തിൽ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും തച്ചുടയ്ക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ പരിപാടികൾക്ക് ഇല്ലാത്ത കൊവിഡ് നിയന്ത്രണം ക്ഷേത്ര ഉത്സവങ്ങൾക്ക് മാത്രം ബാധകമാക്കി ക്ഷേത്രത്തെ തകർക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊടുങ്ങല്ലൂരിൽ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ആർ ജിതേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് പ്രസംഗിച്ചു.