
തൃശൂർ : പ്രമുഖരെ ഉൾപ്പെടെയുള്ളവരെ ചേർത്ത് സാദ്ധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് മുന്നിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇന്നലെ തൃശൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് രൂപം നൽകിയത്. ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടി ആരെന്ന് അറിഞ്ഞശേഷമായിരിക്കും തീരുമാനം. തിരുവനന്തപുരം സെൻട്രൽ, തൃശൂർ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് സുരേഷ് ഗോപിയുടെ പേരുള്ളത്.
സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേര് കോന്നി, മഞ്ചേശ്വരം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് പരിഗണിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരൻ, കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസ്, പാറശ്ശാലയിൽ കരമന ജയൻ എന്നിവർക്ക് മാറ്റമുണ്ടാകില്ല. പാലക്കാട് തന്നെയാകും ഇ. ശ്രീധരൻ മത്സരിക്കുക. ജേക്കബ്ബ് തോമസിന് ഇരിങ്ങാലക്കുടയിൽ തന്നെ സീറ്റ് നൽകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ് കോഴിക്കോട് നോർത്തിലും സി. കൃഷ്ണകുമാർ മലമ്പുഴയിലും മത്സരിച്ചേക്കും. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽ കേന്ദ്ര പാർലമെന്ററി ബോർഡിന്റെ അംഗീകാരം നാളെ ലഭിച്ചേക്കും. വി. മുരളീധരൻ, സുരേഷ് ഗോപി എന്നിവർ മത്സരിക്കുന്ന കാര്യത്തിലുള്ള തീരുമാനത്തിനനുസരിച്ച് സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ മാറ്റമുണ്ടായേക്കാം.
പ്രധാന മോർച്ചകളുടെ പ്രസിഡന്റുമാർക്ക് സീറ്റ് നൽകാനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.കെ പദ്മനാഭനെ മത്സരിപ്പിക്കാനും നിർദ്ദേശമുണ്ട്. സന്ദീപ് വാര്യരെ കൊട്ടാരക്കരയിലും ബി. ഗോപാലകൃഷ്ണനെ ഹരിപ്പാടും പരിഗണിക്കുന്നതായാണ് വിവരം.
ഇന്നലെ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, വി. മുരളീധരൻ, സി.പി രാധാകൃഷ്ണൻ, സുനിൽ കുമാർ എം.എൽ.എ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, സി.കെ പദ്മനാഭൻ, ജോർജ്ജ് കുര്യൻ, പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർത്ഥി ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രിമാർ
ബിഷപ്പ് ഹൗസിൽ
തൃശൂർ : കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, സി.പി രാധാകൃഷ്ണൻ എന്നിവർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസിനെ സന്ദർശിച്ചു. സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞു. സഭയുടെ പ്രവർത്തനമാണ് സംസാരിച്ചത്. രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ബിഷപ്പ് പ്രതികരിച്ചു. അതേസമയം ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെയാണ് ഇരുവരും ബിഷപ്പ് ഹൗസിലെത്തിയത്. ജില്ലാ നേതാക്കളായ കെ.കെ അനീഷ് കുമാർ, രവികുമാർ ഉപ്പത്ത്, കെ.ആർ ഹരി എന്നിവരും കേന്ദ്രമന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.
ചെലവ് നിരീക്ഷണ സ്ക്വാഡുകൾ സജ്ജം
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്ക്വാഡുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കണ്ടെത്തി തടയൽ, സി വിജിൽ ആപ്പുവഴി ലഭിക്കുന്ന പരാതിയിൽ നടപടി സ്വീകരിക്കൽ, സോഷ്യൽ മീഡിയയിൽ വരുന്ന പെയ്ഡ് ന്യൂസ് ഉൾപ്പെടെയുള്ളവ നിരീക്ഷിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.
മണ്ഡലങ്ങളിലെ ഫ്ളൈയിംഗ് സ്കാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പണം കൊണ്ട് പോകുന്ന വാഹനങ്ങളിൽ മതിയായ രേഖകൾ ഇല്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ, ഏതൊക്കെ കാര്യങ്ങൾ സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.