
തൃശൂർ: കോൺഗ്രസ് പട്ടിക പുറത്ത് വരും മുൻപ് ജില്ലയിൽ പൊട്ടിത്തെറി തുടങ്ങി. മത്സരിക്കാൻ സാധ്യത ഉള്ളവരുടെ ലിസ്റ്റ് ഏകദേശം പുറത്തു വന്നതോടെ ആണ് ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രതിഷേധം പരസ്യമായി തന്നെ ഉയർന്നു തുടങ്ങിയത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു ഇത്തരം പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കു കൂട്ടലിൽ ആയിരുന്നു നേതൃത്വം. എന്നാൽ സ്ഥാനാർത്ഥി മോഹികൾ സീറ്റ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കി തുടങ്ങിയതോടെ ആണ് തങ്ങളെ അനുകൂലിക്കുന്നവരെ രംഗത്ത് ഇറക്കി പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, ചേലക്കര തുടങ്ങി ഭൂരിഭാഗം മണ്ഡലങ്ങളിലും വിമത സ്വരങ്ങൾ ഉയർന്നു തുടങ്ങി. ചേലക്കരയിൽ സാധ്യത ലിസ്റ്റിൽ മുന്നിലുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. സി. ശ്രീകുമാറിനെതിരെ പോസ്റ്ററുകൾ ഇറങ്ങി. കൊടങ്ങല്ലൂരിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ വേണ്ട എന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റികൾ. ഇവിടെ മുൻ കോർപറേഷൻ കൗൺസിലർ സി. എസ്. ശ്രീനിവാസൻ ആണ് പരിഗണനയിൽ ഉള്ളത്. ചാലക്കുടിയിൽ കെ. പി. സി. സി സെക്രട്ടറി ടി. ജെ. സനീഷ് കുമാറിന്റെ പേര് ഉയർന്നത്തോടെ അവിടെയും എതിരായ പ്രതികരണം ഉയർന്നു. അവസാനം പ്രാദേശിക നേതാവ് ഷിബു വാലപ്പൻ, മാത്യു കുഴനാടൻ എന്നി പേരുകൾ ആണ് ഉയരുന്നത്. പുതുക്കാട് പ്രാദേശിക നേതാക്കളെ മത്സരിക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബാബു രാജിനെ പരിഗണിക്കണം എന്നാണ് ഇവരുടെ ആവശ്യം. അതേ സമയം നിജി ജസ്റ്റിൻ, സനീഷ് കുമാർ എന്നിവരുടെ പേരുകകൾക്കാണ് മുൻതൂക്കം. നിലവിൽ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം മുതിർന്ന നേതാക്കൾ പലരും പട്ടികയിൽ ഇല്ല എന്നാണ്. കഴിഞ്ഞ തവണ ജില്ലയിൽ നിന്ന് വിജയിച്ച അനിൽ അക്കര മാത്രമാണ് സീറ്റ് ഉറപ്പിച്ച ഏക നേതാവ്.അവിടെ പോസ്റ്റർ ഇറക്കി പ്രചാരണം തുടങ്ങി.
സാധ്യത പട്ടിക
ചേലക്കര ---- സി. സി. ശ്രീകുമാർ
കുന്നംകുളം - ജയശങ്കർ
മണലൂർ --- സുബി ബാബു
നാട്ടിക --കെ. വി. ദാസൻ, എൻ. കെ. സുധീർ
ഒല്ലൂർ - ജോസ് വള്ളൂർ
പുതുക്കാട് --- സനിഷ് കുമാർ, നിജി ജസ്റ്റിൻ
തൃശൂർ - പദ്മജ വേണുഗോപാൽ
ചാലക്കുടി - ഷിബു വാലപ്പൻ, മാത്യു കുഴനാടൻ, സനീഷ് കുമാർ,
കൊടുങ്ങല്ലൂർ - സി. എസ്. ശ്രീനിവാസൻ
ഉറപ്പിച്ചത്
വടക്കാഞ്ചേരി -- അനിൽ അക്കര