കൊമ്പൊടിഞ്ഞാമാക്കൽ: മുകുന്ദപുരം താലൂക്ക് സപ്ലൈകോ ഗോഡൗണിൽ ലോഡ് ഇറക്കാനാകാതെ തൊഴിലാളികൾ പ്രതിസന്ധിയിൽ. പുതുക്കിയ കൂലി നൽകുന്നതിലുള്ള കോൺട്രാക്ടറുടെ അതൃപ്തിയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇതോടെ ഗോഡൗണിലെ മൂന്ന് യൂണിയനുകളിൽപെട്ട എഴുപതോളം തൊഴിലാളികൾ പ്രതിസന്ധിയിലായി.
കൂലി ഏകീകരണം സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. പഴയ കൂലിയനുസരിച്ച് ലോഡ് കയറ്റുന്നതിനായി 11 രൂപയും ഇറക്കുന്നതിനായി 7.30 രൂപയുമാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്കു പ്രകാരം ഇറക്കുകൂലി 10.50 ആയി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കയറ്റുകൂലി പഴയപടി നിലനിറുത്തി.
ഇക്കാര്യം അംഗീകരിക്കുന്നതിനായി തൊഴിലാളികളും കോൺട്രാക്ടറും ഗോഡൗൺ അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷവും പുതുക്കിയ നിരക്ക് അംഗീകരിക്കാൻ കോൺട്രാക്ടർ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഏകീകരിച്ച നിരക്കുകൾക്ക് രണ്ട് വർഷത്തെ പ്രാബല്യം ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
ചാലക്കുടിയിലുള്ള എഫ്.സി.ഐ ഗോഡൗണിൽ നിന്ന് രണ്ട് മാസം കൂടുമ്പോൾ വിതരണത്തിനായി 350 - 400 ചാക്ക് ഭക്ഷ്യ വസ്തുക്കളാണ് മുകുന്ദപുരം ഗോഡൗണിൽ എത്തുന്നത്. അധികൃതർ പുതിയ ഓർഡർ എഫ്.സി.ഐക്ക് കൊടുക്കാത്തതിനാൽ ലോഡുകൾ എത്തുന്നില്ലെന്ന പരാതിയും തൊഴിലാളികൾക്കുണ്ട്.
ഉത്തരവിൽ വ്യക്തതയും പരിഹാരവും തേടി ഗോഡൗൺ അധികൃതർ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ചർച്ച നടത്തി പ്രശ്നം പരിഹരിച്ച് കയറ്റിറക്ക് പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. ചാലക്കുടി മുകുന്ദപുരം എന്നീ താലൂക്കുകളിലേക്കുള്ള റേഷൻ വിതരണ വസ്തുക്കളായ അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയാണ് ഈ ഗോഡൗണിൽ സൂക്ഷിക്കുന്നത്. പഴയ സ്റ്റോക്കിലുള്ള വസ്തുക്കളാണ് ഇപ്പോൾ റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. കയറ്റിറക്ക് പ്രവൃത്തി മുടങ്ങിയാൽ റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും സാധാരണക്കാർക്ക് ലഭിക്കാതെ വരികയും ചെയ്യും.