
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകളിൽ വീണ്ടും വിലക്ക് ഏർപ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരെ നാളെ പ്രതിഷേധ റാലി നടക്കും. ഏകച്ഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫേസ്ബുക്ക്, വാട്ട്‌സ്അപ്പ് കൂട്ടായ്മയ്മയുടെ നേതൃത്വത്തിലാണ് പരിപാടി. നാളെ വൈകീട്ട് മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക.
ദിവസങ്ങൾക്ക് മുമ്പ് ജസ്റ്റിസ് ഫൊർ രാമൻ എന്ന തലക്കെട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി കാമ്പയിനും തുടങ്ങിയിരുന്നു.2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനെത്തിച്ച കൊമ്പൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടിയതിനിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കെ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നെള്ളിച്ചിരുന്നു.
പിന്നീട് കർശന നിബന്ധനകളോടെ പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണസമിതി അനുമതിയും നൽകിയിരുന്നു. ഈ അനുമതിയാണ് 2021 ഫെബ്രുവരി 22 ന് മോണിറ്ററിംഗ് കമ്മിറ്റി റദ്ദാക്കിയത്. എഴുന്നെള്ളിപ്പിന് കൊണ്ടുപോകാൻ നൽകിയ ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതിയിലെ നിബന്ധന തെറ്റിച്ചതിനാണ് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്.