തൃശൂർ: കേൾവി പരിമിതിയുള്ളവർക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിവരങ്ങളും നിർദേശങ്ങളും ആംഗ്യ ഭാഷ ബുള്ളറ്റിനിലൂടെ നൽകി കളക്ടർ എസ് ഷാനവാസ്. കളക്ടറേറ്റിലെ എം.സി.എം.സി മീഡിയ സെന്ററിൽ ആംഗ്യ ഭാഷയിൽ നൽകുന്ന നിർദേശങ്ങൾ റെക്കാഡ് ചെയ്തു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ 18 വയസ്സ് തികയുന്ന എല്ലാവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ജനാധിപത്യ പ്രക്രിയയാണ് തിരഞ്ഞെടുപ്പെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വോട്ട് ചെയ്യുകയെന്നത് അവകാശം മാത്രമല്ല പൗരധർമ്മം കൂടിയാണെന്നും കളക്ടർ ഓർമിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരും വോട്ട് ചെയ്യണമെന്നും അതിനായി പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യുന്നതിനായുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.