തൃശൂർ: സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുമ്പേ കോൺഗ്രസിലെ സീറ്റ് മോഹികളുടെ വികാരം അണപൊട്ടി പ്രതിഷേധക്കൊടുങ്കാറ്റ്. കോൺഗ്രസ് മത്സരിക്കുന്നിടങ്ങളിൽ വൻപ്രതിഷേധങ്ങളാണ് ഉയരുന്നത്. സാദ്ധ്യതാ ലിസ്റ്റ് പുറത്തു വന്നതോടെയാണ് പ്രതിഷേധം പരസ്യമാകുന്നത്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കു കൂട്ടലിലായിരുന്നു നേതൃത്വം. എന്നാൽ സീറ്റ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിത്തുടങ്ങിയതോടെയാണ് അനുകൂലിക്കുന്നവരെ രംഗത്തിറക്കിയുള്ള പ്രതിഷേധതന്ത്രം.
ചേലക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെതിരെ പോസ്റ്ററുകൾ ഇറങ്ങി. ബ്ലോക്ക് കമ്മിറ്റികൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കൊടങ്ങല്ലൂരിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റികൾ. കോർപറേഷൻ മുൻ കൗൺസിലർ സി.എസ്. ശ്രീനിവാസനാണ് ഇവിടെ പരിഗണനയിലുള്ളത്.
ചാലക്കുടിയിൽ കെ.പി.സി.സി സെക്രട്ടറി ടി.ജെ. സനീഷ് കുമാറിന്റെ പേര് ഉയർന്നത്തോടെ എതിർപ്പുകൾ ഉയരുന്നുണ്ട്. പ്രാദേശിക നേതാവ് ഷിബു വാലപ്പൻ, മാത്യു കുഴൽനാടൻ എന്നിവരുടേതാണ് ഉയരുന്ന മറ്റ് പേരുകൾ. സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് 33 ബൂത്ത് പ്രസിഡന്റുമാർ രാജി വച്ചു.
പുതുക്കാട് പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജിനെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ മുല്ലപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി. നിജി ജസ്റ്റിൻ, സുബി ബാബു, സനീഷ് കുമാർ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കമെന്ന് അറിയുന്നു.
ഇരിങ്ങാലക്കു സീറ്റ് ഘടകകക്ഷികൾക്ക് നൽകിയ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് എം.പി. ജാക്‌സനെ മറ്റെവിടെയെങ്കിലും മത്സരിപ്പിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയാ ഗിരി ഉൾപ്പെടെയുള്ളവർ ഇതിനായി രംഗത്തുണ്ട്. വടക്കാഞ്ചേരിയിൽ അനിൽ അക്കരയും തൃശൂരിൽ പദ്മജ വേണുഗോപാലുമാണ് ജില്ലയിൽ ഇതിനകം സീറ്റ് ഉറപ്പിച്ചത്.
കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നത്
ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, ചേലക്കര, മണലൂർ