കയ്പമംഗലം: കയ്പമംഗലം സീറ്റ് ആർ.എസ്.പിയിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു. ശോഭ സുബിൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്നാണ് സൂചന. ശോഭ സുബിൻ സ്ഥാനാർത്ഥിയാകുന്നതോടെ കയ്പമംഗലത്ത് പോരാട്ടം കനക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്തംഗവുമാണ് 35 കാരനായ ശോഭ സുബിൻ. ഇടത് ഉരുക്ക് കോട്ടയായ തൃപ്രയാർ ഡിവിഷനിൽ കെ.വി. പീതാംബരനെ തോൽപ്പിച്ചത് രാഷ്ട്രീയ രംഘത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി പ്രസിദ്ധീകരിച്ച ആദ്യത്തെ ലിസ്റ്റിൽ കയ്പമംഗലത്ത് ശോഭ സുബിന്റെ പേരുമുണ്ടായിരുന്നു. അവസാനം കോൺഗ്രസിലെ ചില ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായാണ് സീറ്റ് ഘടക കക്ഷിക്ക് നൽകിയത്.


എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എയായ ഇ.ടി. ടൈസൺ മാസ്റ്ററെ മുമ്പേ പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനവും വൈകുകയാണ്. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഇക്കുറി കയ്പമംഗലത്ത് മത്സരിക്കില്ലെന്നാണ് സൂചന. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ, എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയുമായ പി.കെ. രവി, യോഗം കൗൺസിലർ ബേബിറാം എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി പരിഗണനയിലുണ്ട്.