ചാലക്കുടി: പാലാരിവട്ടത്തെ അഴിമതിപ്പാലം അഞ്ചുമാസം കൊണ്ട് പൊളിച്ചു പണിയാൻ കാട്ടിയ നെഞ്ചുറപ്പാണ് എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ പാലങ്ങൾ ഉയർത്തലായിരുന്നില്ല പിണറായി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണം. അമ്പതു വർഷത്തിന് ശേഷവും നിലനിൽക്കുന്ന വികസന പ്രവർത്തനങ്ങൾ സൃഷ്ടിക്കലായിരുന്നു ഈ സർക്കാരിന്റെ ലക്ഷ്യം. എ. വിജയരാഘവൻ പറഞ്ഞു. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വികസനം കണ്ട് അന്തംവിട്ട ബി.ജെ.പിയാകട്ടെ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തിൽ അഞ്ചു കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വിട്ടു. എട്ടുമാസക്കാലം ഇവിടെ വട്ടമിട്ടു പറന്ന ഉദ്യോഗസ്ഥർക്ക് പുകമറ സൃഷ്ടിക്കാനല്ലാതെ ഏതെങ്കിലും മന്ത്രിമാരെ തൊടാനായോ എന്നും അദ്ദഹം ചോദിച്ചു.

മത ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്യാൻ അമിത് ഷാ കൊണ്ടുവന്ന പൗരത്വ ഭേദഗതിയെ പുല്ലുപോലെ വലിച്ചെറിഞ്ഞ പിണറായി വിജയൻ കേരളത്തിൽ രചിച്ച ചരിത്രം രാജ്യത്തിന് മാതൃകയായി. കേരളത്തിൽ കോൺഗ്രസിനെ സഹായിക്കുന്ന ആർ.എസ്.എസ് നയം ഇപ്പോഴും തുടരുയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി തുടർന്നു പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. മുൻ എം.പി: പി.കെ. ബിജു, കെ.ജി. ശിവാനന്ദൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, എൽ.ഡി.എഫ് നേതാക്കളായ യൂജിൻ മോറേലി, അഡ്വ. പി.ഐ. മാത്യു, പി.എം. വിജയൻ, വി.ഐ. പോൾ, അഡ്വ. പി.കെ. ഗിരിജാവല്ലഭൻ തുടങ്ങിയവർ പ്രസംഗിച്ചു.