
തൃശൂർ: കേരള പൊലീസിലെ മുൻ ഫുട്ബാൾ താരം സി.എ. ലിസ്റ്റൺ (54) അന്തരിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. രാമവർമപുരം പൊലീസ് അക്കാഡമി ക്വാർട്ടേഴ്‌സിൽ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. പൊലീസ് അക്കാഡമി ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റായിരുന്നു.
പതിവായി രാവിലെ സൈക്കിളിംഗിനിറങ്ങാറുള്ള ലിസ്റ്റണിനെ, മകൻ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് മറ്റ് പൊലീസുകാരെത്തി വാതിൽ തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃശൂർ ദയ ആശുപത്രി മോർച്ചറിയിൽ. തൃശൂർ പുതുക്കാട് അളഗപ്പ നഗർ സ്വദേശിയായ ലിസ്റ്റൺ കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ സുവർണകാലത്തെ പ്രധാനതാരമായിരുന്നു. ലിസ്റ്റന്റെ ഗോളിലാണ് കേരള പൊലീസ് കണ്ണൂർ ഫെഡറേഷൻ കപ്പിൽ ജേതാക്കളായത്. ജൂനിയർ ഇന്ത്യൻ ടീമിനായും ബൂട്ടണിഞ്ഞു. 1988ലെ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ കേരള ടീമിൽ അംഗമായിരുന്നു. പിന്നീട് ഗോവയിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിലും കേരളത്തിനായി കളിച്ചു. ഇന്ത്യൻ അണ്ടർ 22 ടീമിൽ ഇടം നേടി. ലിസ്റ്റണിന്റെ ഗോളിലാണ് കോഴിക്കോട് നടന്ന നാഗ്ജി ട്രോഫി ജൂനിയർ ഇന്ത്യൻ ടീം നേടിയത്.
1988ൽ ഐ.എം. വിജയന് പിന്നാലെ ലിസ്റ്റണും കേരള പൊലീസിലെത്തി. 1998 വരെ പൊലീസ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നു. ലിസ്റ്റണിന്റെ സ്വന്തം വീട് നിലമ്പൂരിലാണ്. അമേരിക്കയിൽ ഉദ്യോഗസ്ഥയായ ഭാര്യ മിനി എത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും. മക്കൾ: വർഷ, വർണ, നിയ, ലിനോ.